April 19, 2024

ഇളക്കമില്ലാതെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് കോട്ടകള്‍; അടിവരയിട്ടു നിയമസഭാ തെരഞ്ഞെടുപ്പുഫലം

0
ഇളക്കമില്ലാതെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് കോട്ടകള്‍; 

അടിവരയിട്ടു നിയമസഭാ തെരഞ്ഞെടുപ്പുഫലം
കല്‍പറ്റ-കുടിയേറ്റ മേഖലയിലെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ കോട്ട. ഈ യാഥാര്‍ഥ്യത്തിനു അടിവരയിടുന്നതായി ബത്തേരി നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പുഫലം. സംസ്ഥാന വ്യാപകമായി ഉണ്ടായ ഇടതുതരംഗം രണ്ടു പഞ്ചായത്തുകളിലും ചലനം ഉണ്ടാക്കിയില്ല. 
കോണ്‍ഗ്രസിലെ ഉള്‍പ്പോരിനു കുപ്രസിദ്ധമാണ് പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും. പാര്‍ട്ടിയിലെ ഐ,എ ഗ്രൂപ്പുകള്‍ക്കു പുറമേ ഉപഗ്രൂപ്പുകളും സജീവമാണ് രണ്ടു പഞ്ചായത്തുകളിലും. ഐ ഗ്രൂപ്പിലെ കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹാം നയിക്കുന്ന ചേരിയും കെ.പി.സി.സി മെംബറും ഡി.സി.സി മുന്‍ പ്രസിഡന്റുമായ കെ.എല്‍.പൗലോസ് നേതൃത്വം നല്‍കുന്ന വിഭാഗവും വര്‍ഷങ്ങളായി ശീതസമരത്തിലാണ്. കോണ്‍ഗ്രസിലെ അനൈക്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. കെ.പി.സി.സി സെക്രട്ടറി പദം രാജിവച്ചു സി.പി.എമ്മിലെത്തിയ എം.എസ്.വിശ്വനാഥനായിരുന്നു ബത്തേരി മണ്ഡലത്തില്‍ എല്‍.ഡിഎ.ഫ് സ്ഥാനാര്‍ഥി. വിശ്വനാഥന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നാലെ മുള്ളന്‍കൊല്ലി സ്വദേശിനിയും മുന്‍ എം.എല്‍.എയുമായ കെ.സി.റോസക്കുട്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു സി.പി.എമ്മിന്റെ ഭാഗമായി. ഇതോടെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് കോട്ട അടിത്തറയിളകി ചെരിയുമെന്നു ഇടതു മുന്നണി കണക്കുകൂട്ടി. ഇതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു രണ്ടു പഞ്ചായത്തുകളിലും പോളിംഗ് ശതമാനം. 74.29 ആണ് ബത്തേരി മണ്ഡലത്തിലെ ശരാശരി പോളിംഗ് ശതമാനം. പുല്‍പള്ളിയില്‍ ഇതു 69.14-ഉം മുള്ളന്‍കൊല്ലിയില്‍ 68.44-ഉം ശതമാനമാണ്. മണ്ഡലം ശരാശരിയെ അപേക്ഷിച്ചു മുള്ളന്‍കൊല്ലിയില്‍ 5.85-ഉം പുല്‍പള്ളിയില്‍ 5.15-ഉം ശതമാനത്തിന്റെ കുറവുണ്ടായി. ചെയ്യാതെ പോയതില്‍ ഏറെയും കോണ്‍ഗ്രസ് വോട്ടാണ്. ഇതു രണ്ടു പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി.ബാലകൃഷ്ണന്റെ ലീഡ് ഗണ്യമായി കുറയുമെന്ന നിഗമനത്തിലേക്കു എല്‍.ഡി.എഫിനെ നയിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഇടതു നേതാക്കളുടെ കണക്കുകളെല്ലാം പിഴച്ചു. പോളിംഗ് ശതമാനം കുറവായിട്ടും മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു 2,676 വോട്ടിന്റെ ലീഡ് ലഭിച്ചു. പുല്‍പള്ളിയില്‍ 1,624 വോട്ടായിരുന്നു ലീഡ്. 
പുല്‍പള്ളി പഞ്ചായത്തില്‍ സാധുവായ 18,494 വോട്ടില്‍ 9,021 എണ്ണമാണ് യു.ഡി.എഫിനു ലഭിച്ചത്. എല്‍.ഡി.എഫിനു 7,397 വോട്ട് കിട്ടി. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സാധുവായ 15,436 വോട്ടില്‍ 8,519 എണ്ണം യു.ഡി.എഫിനും 5843 എണ്ണം എല്‍.ഡി.എഫിനും ലഭിച്ചു. 
വിശ്വനാഥന്റെയും കെ.സി. റാസക്കുട്ടിയുടെയും പാര്‍ട്ടിമാറ്റത്തിനു കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നും വ്യക്തമാക്കുന്നതായി തെരഞ്ഞെടുപ്പു ചിത്രം. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ.ജാനുവിനു പുല്‍പള്ളി പഞ്ചായത്തില്‍ 1,795-ഉം മുള്ളന്‍കൊല്ലിയില്‍ 948-ഉം വോട്ടാണ് ലഭിച്ചത്. മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്വാധീന മേഖലയിലുള്ളതല്ല രണ്ടു പഞ്ചായത്തുകളും.
പൂതാടി പഞ്ചായത്തിലാണ് യു.ഡി.എഫിനു ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. പഞ്ചായത്തില്‍ 2,720 വോട്ടിനാണ് യു.ഡി.എഫ് മുന്നിലെത്തിയത്. ബാലകൃഷ്ണനു 11,451-ഉം വിശ്വനാഥനു 8,731-ഉം വോട്ട് കിട്ടി. 2,072 വോട്ട് എന്‍.ഡി.എ നേടി. 22,496 വോട്ടാണ് മണ്ഡലത്തില്‍ സാധുവായത്. 
തെരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ഇടതു മുന്നണിക്കു മുന്നിലെത്താനായില്ല. ഇടതുപക്ഷം ഭരിക്കുന്ന ബത്തേരി നഗരസഭയില്‍ യു.ഡി.എഫ് 1,651 വോട്ട് ലീഡ് പിടിച്ചു. സാധുവായ 24,836 വോട്ടില്‍ 12,001 എണ്ണം കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞു. 10,410 വോട്ടാണ് ചുറ്റിക-അരിവാള്‍-നക്ഷത്രം അടയാളത്തില്‍ വീണത്. 2,113 പേര്‍ താമര ചിഹ്നത്തില്‍ വോട്ടുകുത്തി.   
വിശ്വനാഥന്‍ ലീഡ് പിടിക്കുമെന്നു എല്‍.ഡി.എഫ് കരുതിയ പഞ്ചായത്തുകളാണ് മീനങ്ങാടിയും അമ്പലവയലും. ജില്ലയിലെ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് മീനങ്ങാടി. ഇവിടെ കുറഞ്ഞതു 1,000 വോട്ടിന്റെ ലീഡ് എല്‍.ഡി.എഫ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ 266 വോട്ടിനു യു.ഡി.എഫ് മുന്നിലെത്തി. സാധുവായ 19,252 വോട്ടില്‍ 8,864 എണ്ണം ബാലകൃഷ്ണനു ലഭിച്ചു. 8,598 വോട്ടാണ് വിശ്വനാഥനു കിട്ടിയത്. സി.കെ.ജാനു 1,651 വോട്ട് നേടി. അമ്പലവയല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് 283 വോട്ടിനു പിന്നിലായി. സാധുവായ 20,478 വോട്ടില്‍ 9,283 എണ്ണം യു.ഡി.എഫിനു ലഭിച്ചത്. 9,000 വോട്ടാണ് എല്‍.ഡി.എഫ് നേടിയത്. എന്‍.ഡി.എ 2,010 വോട്ട് കരസ്ഥമാക്കി. ദീര്‍ഘകാലം ഭരിച്ചതും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടതുമായ നൂല്‍പ്പുഴ പഞ്ചായത്തിലും എല്‍.ഡി.എഫിനു മികിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. പഞ്ചായത്തില്‍ 845 വോട്ടാണ് ബാലകൃഷ്ണന്റെ ലീഡ്. സാധുവായ 14,568 വോട്ടില്‍ 6,802 എണ്ണം യു.ഡി.എഫ് സ്വന്തമാക്കി. എല്‍.ഡി.എഫിനു 5957 വോട്ടാണ് കിട്ടിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായിട്ടും നൂല്‍പ്പുഴയില്‍ 1,605 വോട്ടുമാത്രമാണ് എന്‍.ഡി.എയ്ക്കു ലഭിച്ചത്. നെന്‍മേനി പഞ്ചായത്തില്‍ 1,501 വോട്ടാണ് യു.ഡി.എഫ് ലീഡ്. സാധുവായ 27,899 വോട്ടില്‍ 13,181 എണ്ണം ബാലകൃഷ്ണനു ലഭിച്ചു. 11,680 വോട്ടാണ് വിശ്വനാഥന്‍ പിടിച്ചത്. ജാനു 2,740 വോട്ട് നേടി. 
സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ പിന്തുണയുള്ള ഒണ്ടന്‍ പണിയനും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. പുല്‍പള്ളി-115, മുള്ളന്‍കൊല്ലി-50, പൂതാടി-93, ബത്തേരി-108, മീനങ്ങാടി-85, നെന്‍മേനി-135, നൂല്‍പ്പുഴ-69, അമ്പലവയല്‍-81 എന്നിങ്ങനെയാണ് അദ്ദേഹത്തിനു ലഭിച്ച വോട്ടിന്റെ കണക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *