നവീകരണ പ്രവൃത്തി എങ്ങുമെത്താതെ മേപ്പാടി-ചൂരല്‍മല പാത
നവീകരണ പ്രവൃത്തി എങ്ങുമെത്താതെ മേപ്പാടി-ചൂരല്‍മല പാത
മേപ്പാടി: പ്രവൃത്തി തുടങ്ങി മൂന്ന് വര്‍ഷമായിട്ടും മേപ്പാടി-ചൂരല്‍മല റോഡിന്റെ നവീകരണം പൂര്‍ത്തിയായില്ല. 2018ല്‍ തുടങ്ങിയ റോഡ് നവീകരണ പ്രവര്‍ത്തി ഇത്രയും കാലമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ മേയ് മാസത്തിനുമുമ്പ് ഏഴു കിലോമീറ്ററെങ്കിലും ഗതാഗത യോഗ്യമാക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ 13 കിലോമീറ്റര്‍ നീളമുള്ള ഈ പാത ഇതുവരെ ആറ് കിലോമീറ്റര്‍ മാത്രമാണ് ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. ബാക്കി ഏഴ് കിലോമീറ്റര്‍ ടാറിംഗ് നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മലയോരപാതയില്‍ ഉള്‍പ്പെടുത്തി 2018-ലാണ് റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങിയത്. കിഫ്ബിയില്‍ നിന്ന് 41 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. പല കാരണങ്ങള്‍മൂലം നാലോ അഞ്ചോ തവണ പ്രവൃത്തി മാറ്റിവെച്ചിട്ടുണ്ട്. എസ്റ്റേറ്റ് മാനേജുമെന്റുകള്‍ ഭൂമി വിട്ടുകൊടുക്കാത്തതുകൊണ്ടാണ് പലയിടങ്ങളിലായി പകുതിദൂരം നവീകരിക്കാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. വര്‍ഷങ്ങളായി റോഡ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതു കൊണ്ട് രോഗികള്‍ അടക്കമുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് വര്‍ധിച്ചിരിക്കുകയാണ്. ഒന്നാംഘട്ട ടാറിംങ് ചില സ്ഥലങ്ങളില്‍ മാത്രം പൂര്‍ത്തിയായിട്ടുണ്ട്. ചിലയിടത്ത് മെറ്റല്‍ പാകിയത് മഴ പെയ്തതോടെ കുണ്ടും കുഴിയുമായി മാറി. അതിനിടയില്‍ ടാറിംഗ് നടന്നിടത്ത് വിള്ളല്‍ വീണതും പ്രദേശത്ത് വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ചൂരല്‍മല- മേപ്പാടി മലയോര ഹൈവേയുടെ വികസന പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഈ മാസം ഒമ്പതിന് ബഹുജന പ്രക്ഷോഭം നടത്തുവാന്‍ കേരളാ മുസ്്‌ലിം ജമാഅത്ത് മേപ്പാടി സര്‍ക്കിള്‍ കേബിനറ്റ് മീറ്റിംഗ് തീരുമാനിച്ചു. പ്രസിഡന്റ് അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ നെല്ലിമുണ്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇസ്മാഈല്‍ മുസ്്‌ലയാര്‍ മേപ്പാടി, അശ്‌റഫ് നെടുംമ്പാല, മുജീബ് മുസ്്‌ലിയാര്‍ ചൂരല്‍മല, സര്‍ക്കിള്‍ സെക്രട്ടറി അബ്ദുല്ല ചുളിക്ക എന്നിവര്‍ പങ്കെടുത്തു.
Leave a Reply