April 20, 2024

പനവല്ലി സര്‍വ്വാണി ടൂറിസം പദ്ധതി വിദഗ്ധ സമിതി പരിശോധിക്കും

0
Img 20210702 Wa0017.jpg
പനവല്ലി സര്‍വ്വാണി ടൂറിസം പദ്ധതി

വിദഗ്ധ സമിതി പരിശോധിക്കും
തിരുനെല്ലി: ഗ്രാമപഞ്ചായത്ത് പനവല്ലി സര്‍വ്വാണിയിലെ നരിനിരങ്ങി തടാകം ടൂറിസം പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ വിദഗധ സംഘം പരിശോധന നടത്തും. തൊട്ടടുടുത്ത ദിവസം തന്നെ പദ്ധതി പ്രദേശത്തെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. പനവല്ലിയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് പരിശോധന നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി വി. മുഹമ്മദ് സലിം, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെയും അതിപുരാതന ക്ഷേത്രവുമായ തിരുനെല്ലി അമ്പലത്തിന്റെയും സമീപ്യം കേന്ദ്രത്തിന് മുതല്‍കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എഴാം വാര്‍ഡ് പനവല്ലി സര്‍വ്വാണിയിലാണ് ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതി തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തിയത്. പ്രകൃതി മനോഹരമായ ഭൂപ്രദേശങ്ങള്‍ അതിരിടുന്ന ഈ ഭാഗത്ത് പഞ്ചായത്തിന് ഏഴ് ഏക്കറോളം സ്ഥലമുണ്ട്. ഈ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന കാളിന്ദി പുഴയില്‍ ഏകദേശം 5 മീറ്റര്‍ പൊക്കത്തില്‍ തടയണ നിര്‍മ്മിച്ച് ഒരു തടാകം സൃഷ്ടിച്ചുളള ടൂറിസം പദ്ധതിയാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. ഇവിടെ ബോട്ട് സര്‍വ്വീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതൊടൊപ്പം നരിനിരങ്ങി മലയില്‍ ഏകദേശം 2 കിലേമീറ്റര്‍ ദൂരം റോപ് വേയും പദ്ധതിയിലുണ്ട്. തടയണയുടെ താഴെ ഭാഗത്തുള്ള സ്ഥലങ്ങളില്‍ സ്വിമ്മിംഗ് പൂള്‍, പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പൂന്തോട്ടമടക്കമുള്ള പദ്ധതികളും ഉണ്ടാകും. ഏകദേശം പതിനാറേക്കറോളം സ്ഥലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മറ്റുമായി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. ഇതിനായി 150 കോടി രൂപയുടെ എസ്റ്റിമേറ്റ് പഞ്ചായത്ത് താല്‍ക്കാലികമായി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടു കൂടി പദ്ധതി യാഥാര്‍ത്ഥ്യമാക്കി തരണമെന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒ.ആര്‍ കേളു എം എല്‍. എ മുഖേന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പദ്ധതി പ്രദേശത്തേയ്ക്ക് തിരുനെല്ലി അമ്പലത്തില്‍ നിന്നും കര്‍ണ്ണാടക കുടക് ജില്ലയില്‍ നിന്നും വരുന്ന ടൂറിസ്റ്റുകളെ സങ്കേതവുമായി ബന്ധിപ്പിക്കുന്നതിന് പുതിയ റോഡ് വരും. മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന പ്രദേശവാസികള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രത്തില്‍ തൊഴില്‍ നല്‍കാനും സാധിക്കും. ഇത് പ്രദേശത്തെ ജനങ്ങളുടെ പശ്ചാത്തല സൗകര്യവും ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുവാന്‍ വഴിയൊരുക്കുമെന്ന് പഞ്ചായത്ത് കരുതുന്നു. ഒരു ഗ്രാമപഞ്ചായത്തില്‍ ചുരുങ്ങിയത് ഒരു പുതിയ ടൂറിസം കേന്ദ്രം കണ്ടെത്തണമെന്ന് ജില്ലയിലെ തദ്ദേശ സ്ഥാപന ആധ്യക്ഷന്‍മാരുടെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *