April 25, 2024

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും – ജില്ലാ വിദ്യാഭ്യാസ സമിതി

0
Download 90.jpg
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും

– ജില്ലാ വിദ്യാഭ്യാസ സമിതി
കൽപ്പറ്റ: ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ കര്‍മ്മ പദ്ധതി തയ്യാറാക്കും. ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ പ്ലസ്ടു ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളുടെ പിന്തുണയോടെ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കും. ഇത്തരത്തില്‍ വാങ്ങി നല്‍കുന്ന പഠനോപകരണങ്ങള്‍ ആക്കാദമിക് വര്‍ഷം അവസാനിക്കുമ്പോള്‍ തിരികെ സ്‌കൂളില്‍ എല്‍പ്പിക്കണം. ഇവ സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഗാഡ്ജറ്റ് ലൈബറികളില്‍ സൂക്ഷിച്ച് പുനരുപയോഗം സാധ്യമാക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കുക.
ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് എം.ആര്‍.എസ് സ്‌കൂളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍, ഡി.ടി.എച്ച് എന്നിവ റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള തുക പട്ടിക വര്‍ഗ്ഗ വകുപ്പ് നല്‍കും. ഇതിനായി പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി സ്‌കൂള്‍തലത്തില്‍ പി.ടി.എയും അധ്യാപകരും ചേര്‍ന്ന് ഗാഡ്ജറ്റ് ചലഞ്ച് പോലുളള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍,സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പഠനോപകരണങ്ങള്‍ നല്‍കുമ്പോള്‍ സുതാര്യത ഉറപ്പാക്കാന്‍ സ്‌ക്കൂളില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പഞ്ചായത്തുകളിലും നഗരസഭകളിലും ആരംഭിക്കുന്ന ഏഴുന്നൂറോളം പൊതു പഠനകേന്ദ്രങ്ങളുടെ അക്കാദമിക ചുമതല അതത് തദ്ദേശ സ്ഥാപന പരിധിയിലെ സ്‌ക്കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് 16 ലക്ഷം രൂപ മുടക്കി ഭൗതീക സൗകര്യം ഒരുക്കുന്ന വായനശാലകളും പൊതുപഠന കേന്ദ്രങ്ങളാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ ജനപ്രതിനിധികള്‍ കൂടി പങ്കെടുത്തു കൊണ്ട് ഓണ്‍ലൈന്‍ പി.ടി.എ യോഗങ്ങള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും പഠനോപകരണങ്ങളുടെ ലഭ്യതയെ കുറിച്ചും കൃത്യമായ ചര്‍ച്ച നടത്തി പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി.  
പൊതു പഠന കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, പട്ടികവര്‍ഗ്ഗം, തദ്ദേശം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി യോഗം ചേരും. ഗാഡ്ജറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, കേരള ബാങ്ക് ഡയറക്ടര്‍, സഹകരണവകുപ്പ് ജോയിന്റ് രെജിസ്ട്രാര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേര്‍ക്കും.
മെന്റര്‍ ടീച്ചര്‍മാരുടെ കുടിശ്ശികയായ ഏപ്രില്‍, മെയ് മാസങ്ങളിലെ വേതനം ലഭ്യമാക്കുവാന്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭകളുടെ പ്രതിനിധികളേക്കൂടി ഉള്‍പ്പെടുത്തി ജില്ലാ വിദ്യാഭ്യാസ സമിതി വിപുലീകരിക്കാനും തീരുമാനമായി. 
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. ലീല, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി കെഅബ്ബാസലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ -ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *