June 15, 2026

എം എല്‍ എ ഇടപെട്ടു; വെള്ളപ്പന്‍കണ്ടിയിലെ ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഇനി പുതുവെളിച്ചം

0
t-siddique-11.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം എല്‍ എ ഇടപെട്ടു; വെള്ളപ്പന്‍കണ്ടിയിലെ ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഇനി പുതുവെളിച്ചം

ഓണ്‍ലൈന്‍ പഠനസൗകര്യവും, സോളാര്‍ സംവിധാനവുമൊരുക്കി
മേപ്പാടി: അധ്യയനം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ വൈദ്യുതിയും ടിവിയും കേബിള്‍ കണക്ഷനടക്കമുള്ള ഒരു സംവിധാനവും വെള്ളപ്പന്‍കണ്ടി കോളനിയിലുണ്ടായിരുന്നില്ല. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഡ്വ. ടി സിദ്ദീഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഒരു കൂട്ടമാളുകള്‍ കൈകോര്‍ത്തതോടെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു. കോളനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡിജിറ്റല്‍ പഠനമുറിയുടെ ഉദ്ഘാടനവും, ഫുഡ് സപ്പോര്‍ട്ട് പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനവും, പഠനോപകരണ വിതരണവും എം എല്‍ എ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി പ്രദേശത്ത് എട്ടാം വാര്‍ഡില്‍ പശ്ചിമഘട്ട മലനിരകളിലെ വനമേഖലയില്‍പ്പെടുന്ന സ്ഥലമാണ് വെള്ളപ്പന്‍കണ്ടി. മേപ്പാടി ടൗണില്‍ നിന്നും ചൂരല്‍മല റോഡിലൂടെ 10 കിലോ മീറ്ററോളം റോഡും, വനപാതകളും കടന്നുവേണം ഈ വനഗ്രാമത്തിലെത്താന്‍. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി പതിച്ച് നല്‍കിയ പ്രദേശമാണ് വെള്ളപ്പന്‍കണ്ടി. പശ്ചിമഘട്ട മലനിരകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് അടിസ്ഥാനസൗകര്യത്തിന്റെ അഭാവം വലിയൊരു പ്രശ്‌നം തന്നെയായിരുന്നു. 17 കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിട്ടും വൈദ്യുതിയും, ഓണ്‍ലൈന്‍ പഠനസൗകര്യവുമില്ലാത്തതിനാല്‍ ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്നു. ഐ റ്റി ടി പി ഓഫീസറായ ചെറിയാനാണ് വെള്ളപ്പന്‍കണ്ടി കോളനിയിലെ ഈ വിഷയം ആദ്യമായി ടി സിദ്ദിഖ് എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി എം എല്‍ എ അടിയന്തിരമായി ഇടപെടുകയായിരുന്നു. എം എല്‍ എ ഹെല്‍പ് ഡെസ്‌ക്കിന്റെ നേതൃത്വത്തില്‍ അടിയന്തരമായി ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ സമാഹരിക്കുകയായിരുന്നു. സ്മാര്‍ട്ട് ടി വി, സോളാര്‍ സിസ്റ്റം, ഡിഷ് ടി വി, മറ്റു അനുബന്ധ സൗകര്യങ്ങളെല്ലാം ഹെല്‍‌പ് 
ഡെസ്ക് ക്രമീകരിച്ചു. കോളജ് അധ്യാപക സംഘടന കെ പി സി ടി എയുടെ മുട്ടില്‍ ഡബ്ല്യു എം ഒ കോളജ് യൂനിറ്റ് ആവശ്യമായ സോളാര്‍ സംവിധാനം ഒരുക്കാന്‍ സന്നദ്ധരായി. എം എല്‍ എയുടെ പ്രവാസി സുഹൃത്ത് എല്‍ ഇ ഡി ടെലിവിഷനും, കല്‍പ്പറ്റ റോട്ടറി ക്ലബ്ബ് ഡിഷ് ടി വിയും നല്‍കിയതോടെ വെള്ളപ്പന്‍കണ്ടിയില്‍ ഡിജിറ്റല്‍ പഠനമുറി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. കോളനിയിലെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഒരാഴ്ചക്കകം യോഗം വിളിക്കാനും പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നിര്‍ദേശം നല്‍കുകയും ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ കെ സി ചെറിയാന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു ഹെജമാഡി, അബ്ദുള്‍ അസീസ്, സുനീറ മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അരുണ്‍ദേവ്, രാഘവന്‍ അരുണമല, വാര്‍ഡ് മെമ്പര്‍ മിനികുമാര്‍, നൂറുദ്ദീന്‍ എന്‍ സുകുമാരന്‍, ഊരുമൂപ്പന്‍ കുറുക്കന്‍ എന്നിവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *