October 7, 2022

രാജമണി സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഇര…! ചർച്ചകൾ പരിഹാരമാകുന്നില്ല, അവഗണനമാത്രമെന്ന് പരാതി

IMG-20210720-WA0048.jpg

രാജമണി സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഇര…!
ചർച്ചകൾ പരിഹാരമാകുന്നില്ല, അവഗണനമാത്രമെന്ന് പരാതി
കല്‍പ്പറ്റ: 'പിടിച്ചു നില്‍ക്കാന്‍ ഒരു മാര്‍ഗവുമില്ല, പോവുകായാണ്'…..ഉള്ള് പിടഞ്ഞാണ് രാജമണി തന്റെ സഹപ്രവര്‍ത്തകരോട് ഈ വാക്കുകള്‍ പറഞ്ഞത്. അമ്പലവയല്‍ സ്വദേശിയായ രാജമണി എന്ന ബസ് ഉടമ സാമ്പത്തിക ബാധ്യതകളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് സ്വകാര്യ ബസ് മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയാണെന്ന ആക്ഷേപം കനക്കുമ്പോഴും അനുകൂലമായൊരു നടപടി സ്വീകരിക്കുന്നില്ലെന്നതാണ് തങ്ങളെ അത്ഭുതപ്പെടുത്തുന്നതെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. രാജമണി, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഇര. 
അമ്പലവയല്‍ പെരുമ്പാടി കുന്നില്‍ പാലഞ്ചേരി രാജമണി (48)യെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കടല്‍മാട് നിന്നും ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. രാജമണിയുടെ ബസ് ഓടിയിരുന്നത് മൂന്ന് പഞ്ചായത്തുകളില്‍ കൂടിയായതിനാല്‍ ടി പി ആര്‍ നോക്കിയുള്ള ലോക്ഡൗണില്‍ മിക്കപ്പോഴും ബസിന് ഓടാന്‍ കഴിഞ്ഞിരുന്നില്ല. അമ്പലവയല്‍, മേപ്പാടി, മൂപ്പൈനാട് എന്നീ പഞ്ചായത്തുകളില്‍ കൂടിയായിരുന്നു ബസ് ഓടിയിരുന്നത്. അമ്പലവയല്‍ പഞ്ചായത്ത് ലോക്ഡൗണില്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഇരയാണ് രാജമണിയെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ ഹരിദാസ് പറഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാണ് ലോക്ഡൗണ്‍മൂലം ഇല്ലാതായത്. മക്കളുടെ വിദ്യാഭ്യാസം, ജീവിത ചെലവുകള്‍, ബസിന്റെ അടവ് എല്ലാം ഇതില്‍നിന്നായിരുന്നു കണ്ടെത്തിയിരുന്നത്.
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചിരുന്നതാണ്. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. ഡീസല്‍ വിലവര്‍ധനവ് മൂലം ജില്ലയിലെ ബസുടമകളില്‍ 90 ശതമാനവും ഇന്ധനക്ഷമതയുള്ള പുതിയ ബസുകളിലേക്ക് മാറിയിരുന്നു. ലോക്ഡൗണില്‍ ബസുകളുടെ ഓട്ടം നിന്നതോടെ ഇവയുടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 40000 മുതല്‍ 60000 വരെ മാസം തിരിച്ചടവ് ഉള്ള ബസുകളാണ് ഇവയെല്ലാം. മൊറട്ടോറിയം പ്രഖ്യാപിച്ചാലും പലിശ വര്‍ധിക്കുന്നതിനാല്‍ തിരിച്ചടവ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജില്ലയില്‍ 340 ഓളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ 270 ബസുകള്‍ മാത്രമാണുള്ളത്. ഇതില്‍ 50 ശതമാനം ബസുകളും ലോക്ഡൗണിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. 175 ഓളം അംഗങ്ങളുള്ള സംഘനടയില്‍ എല്ലാവരും കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. ആത്മഹത്യയാണ് ഇനിയുള്ള ഏക വഴിയെന്നും ജീവിതം മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് നിരവധി ബസ് ഉടമകള്‍ ദിവസവും വിളിക്കാറുണ്ടെന്ന് ഹരിദാസ് പറഞ്ഞു. നിരവധി തവണ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടും പ്രതിഷേധങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ മാസം 27ന് സംസ്ഥാന വ്യാപകമായി ബസ് സ്റ്റാന്റുകളില്‍ ഉപവാസ സമരത്തിന് ഇറങ്ങുകയാണ് ഉടമകളും തൊഴിലാളികളും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.