ശുചിത്വ വയനാടിനായി ഒ ഡി എഫ് പ്ലസ്; ഗ്രാമ പഞ്ചായത്തുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍


Ad
ശുചിത്വ വയനാടിനായി ഒ ഡി എഫ് പ്ലസ്;

ഗ്രാമ പഞ്ചായത്തുകള്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങള്‍ 
കൽപ്പറ്റ : ജില്ലയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍  മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുമായി  ശുചിത്വ മിഷന്‍ രംഗത്ത്്. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ഘട്ട പദ്ധതിയായ ഒ ഡി എഫ് പ്ലസ് പദ്ധതിയാണ് ജില്ലയില്‍ നടപ്പാക്കുന്നത്. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി ഉയര്‍ത്താനുള്ള ഒ.ഡി.എഫ് പ്ലസ് പദ്ധതിയിലൂടെ ഖര ദ്രവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഗ്രാമ തലങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. 
ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറുകയും വ്യക്തിഗത ശൗചാലയ നിര്‍മ്മാണം ,പുതുക്കി പണിയല്‍ ,പൊതു ശൗചാലയ നിര്‍മ്മാണം,പൊതു ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍ ,വിവിധ വിവര വിജ്ഞാന പ്രവത്തനങ്ങള്‍ എന്നിവയാണു പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകള്‍ നടത്തേണ്ടത്. കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തി റവന്യു വില്ലേജ് അടിസ്ഥാനത്തിലാണ് പദവി നല്‍കുക .നേട്ടം കൈവരിച്ചില്ലെങ്കില്‍ കേന്ദ്ര സംസ്ഥാന ഗ്രാന്റുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കില്ല .ഹരിത ട്രൈബ്യൂണല്‍ പിഴ ഒഴിവാക്കാനും പദ്ധതി സഹായകമാകും
എങ്ങനെ ഒ ഡി എഫ് പ്ലസ് കൈവരിക്കാം 
സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവിയെക്കാള്‍ ഉയര്‍ന്ന പദവിയാണ് ഒ ഡി എഫ് പ്ലസ് .എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉറപ്പു വരുത്തിയാണ് ഗ്രാമ പഞ്ചായത്തുകള്‍ ഒ ഡി എഫ് പദവി കൈവരിച്ചത്. പ്ലസ് പദവിക്കായി ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന രഹിതമാക്കി തുടര്‍ന്നു കൊണ്ട് പോവുന്നതോടൊപ്പം എല്ലാവര്‍ക്കും ഖര ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. .എല്ലാ വില്ലേജുകളിലും ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതു ശൗചാലയം ,വിദ്യാലയങ്ങള്‍ ,അംഗന്‍ വാടികള്‍,ഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളില്‍ ശുചി മുറികള്‍ .പൊതു ഇടങ്ങളില്‍ മലിന ജലം കെട്ടി നില്‍ക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം , എണ്‍പത് ശതമാനത്തില്‍ കുറയാതെ വീടുകള്‍ , വിദ്യാലയങ്ങള്‍ ,അംഗന്‍ വാടികള്‍,ഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളില്‍ മാലിന്യ സംസ്‌ക്കരണ സംവിധാനം ,കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം ,ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം ,അജൈവ മാലിന്യ ശേഖരണ ,സംസ്‌ക്കരണ സംവിധാനം എണ്‍പത് ശതമാനം വീടുകളിലെങ്കിലും ഹരിത കര്‍മ്മ സേവനം ,ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ എന്നിവയാണ് പദവി നേടാനുള്ള മാനദണ്ഡങ്ങള്‍.
ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ദേശീയ തലത്തില്‍ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച ജില്ലയാണ് വയനാട് .ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും  ഖര ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം ഒരുക്കുക എന്നതാണ് ലക്ഷ്യം .ജനങ്ങളുടെ സഹകരണം വളരെ പ്രധാനമാണ് . ജന പ്രധിനിധികള്‍ , ഉദ്യോഗസ്ഥര്‍ , ,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ,വ്യാപാരികള്‍  എന്നിവരുടെ ശക്തമായ ഇടപെടല്‍ കൊണ്ട് മാത്രമേ നമുക്ക് ഈ പദവി കൈവരിക്കാന്‍ കഴിയുകയുളളുവെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *