March 28, 2024

ഓണവിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി

0
Onam Copy.jpg
ഓണവിപണി;

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി
പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്ത്
കൽപ്പറ്റ : ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. ആഗസ്റ്റ് 9 മുതല്‍ ആഗസ്റ്റ് 22 വരെയാണ് പരിശോധന. ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സ്‌ക്വാഡ് രൂപികരിച്ചത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന നടത്തും.
ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍ പ്രത്യേകിച്ച് വെളിച്ചെണ്ണ, പപ്പടം, പായസം മിക്സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകല്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കും. 
ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാനനുവദിക്കുകയില്ലെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികള്‍ കൈക്കൊളളുമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. കെ അനിലന്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിന്റെ സുരക്ഷയേക്കുറിച്ച് സംശയമുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ 8943346192, കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസറുടെ 9072639570, മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫീസറുടെ 7593873342 സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസറുടെ 8943346570 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
*ഉപഭോക്താക്കള്‍ ശ്രദ്ധിക്കാന്‍*
· വിലനിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ നോക്കി കാണേണ്ടതും, തിരസ്‌കരിക്കുകയും വേണം. 
· ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്.
· കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള ശര്‍ക്കരയും ഒഴിവാക്കുക. സമീപകാലത്ത് ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയത് ശര്‍ക്കരയിലാണ്. എല്ലാ കൃത്രിമ നിറങ്ങളും കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഹാനികരമായി ബാധിക്കുകയും, അലര്‍ജിപോലെയുളള രോഗങ്ങള്‍ക്കും കാരണമാവാം. കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കണം.
· റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക. അവ നിലവാരമില്ലാത്ത താകാന്‍ സാധ്യത കൂടുതലാണ്. 
· പഴം, പച്ചക്കറികളില്‍ തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി ചെത്തിക്കളഞ്ഞതിനുശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക. പച്ചക്കറികളുടെ പുറമെയുളള കീടനാശിനി സാന്നിദ്ധ്യം ഒരുപരിധിവരെ കളയാന്‍ ഇതുവഴി സാധിക്കും. 
· കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും വാങ്ങി ഉപയോഗിക്കരുത്. 
· ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണസാധനങ്ങള്‍ വാങ്ങാവൂ. 
· പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.
  *വ്യാപാരികള്‍ ശ്രദ്ധിക്കാന്‍*
· ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കേണ്ടതും ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. 
· നിലവാരമില്ലാത്ത ഒരു ഭക്ഷ്യവസ്തുക്കളും വില്‍പ്പനക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. 
· പായ്ക്കുചെയ്ത ഭക്ഷണസാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമെ വില്‍ക്കാവൂ. 
· ഭക്ഷ്യ വസ്തു വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും വൃത്തി ശിചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം. 
· വ്യാപാരികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുളളൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *