ആദിവാസി മേഖലയില്‍ സമഗ്ര മുന്നേറ്റം അനിവാര്യം: ഐ സി ബാലകൃഷ്ണന്‍


Ad
പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം

ആദിവാസി മേഖലയില്‍ സമഗ്ര മുന്നേറ്റം അനിവാര്യം: ഐ സി ബാലകൃഷ്ണന്‍
സുല്‍ത്താന്‍ബത്തേരി: ആദിവാസി മേഖലയില്‍ സമഗ്ര മുന്നേറ്റം അനിവാര്യമാണെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. പാലക്കാട് ജില്ലയിലെ ഷോളയൂരില്‍ ആദിവാസികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്, നിയമസഭയില്‍ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങള്‍ക്കിപ്പുറവും ആദിവാസി സമൂഹത്തിന്റെ ജീവിതം ദുരിതപൂര്‍ണമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണമായും അവരിലേക്കെത്തുന്നില്ല. താമസ സൗകര്യത്തിനായി അനുവദിച്ചു നല്‍കിയ ഭൂമിയില്‍ ഏറെയും വാസയോഗ്യമല്ല. അഥവാ വീട് നിര്‍മാണത്തിന് ശ്രമിച്ചാലും കുടിവെള്ളം, വൈദ്യുതി, കളിസ്ഥലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും അപ്രാപ്യമാണ്. ആദിവാസികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതികളായ അംബേദ്കര്‍ സെറ്റില്‍മെന്റ് കോളനികളും, ലൈഫ് പദ്ധതിയില്‍ പെട്ട വീടുകളുടെയും നിര്‍മാണം ഇപ്പോളും പാതിവഴിയില്‍ മുടങ്ങികിടക്കുകയാണ്. എത്രയും വേഗം ഇവ പൂര്‍ത്തീകരിച്ചു നല്‍കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പ്പെട്ട, കായികയിനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന യുവതീ യുവാക്കള്‍ക്ക്, വനത്തിന് പുറത്താണ് താമസം എന്ന തടസവാദമുന്നയിച്ചു കൊണ്ട്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി ലഭിക്കേണ്ട അര്‍ഹമായ ജോലി ഉദ്യോഗസ്ഥര്‍ തട്ടിത്തെറിപ്പിക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം, ആദിവാസി വിഭാഗങ്ങള്‍ക്ക് ചികിത്സ സഹായത്തിനായി അനുവദിച്ചു നല്‍കിയ തുക അവശ്യസമയങ്ങളില്‍ എത്തിച്ചേരുന്നില്ല. ഉദ്യോഗസ്ഥരും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരു പോലെ ഉത്തരവാദികളാണ്. വനാവകാശനിയമപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ പലതും റവന്യു പട്ടയം ലഭിക്കാത്തതിനാല്‍ അന്യാധീനപ്പെട്ടു കഴിഞ്ഞു. ഇതേ കാരണം ഉന്നയിച്ച്, ഭൂമിയില്‍ കൃഷി നടത്തിയ ആദിവാസി കര്‍ഷകരുടെ വിളകള്‍ ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചു. ഊരുകളില്‍ മിക്കതിലും ഇപ്പോളും ഓണ്‍ലൈന്‍ വിദ്യാഭ്യാസസൗകര്യങ്ങള്‍ അന്യമാണ്. ഇത്തരം രൂക്ഷമായ പ്രതിസന്ധികളിലേക്ക് മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട്, ആദിവാസി മേഖലയിലെ സമഗ്ര മുന്നേറ്റത്തിന്, വ്യത്യസ്ത പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ സംസ്‌കാരം, ജീവിത രീതി, ആരാധന, പിന്നോക്കാവസ്ഥ എന്നിവ പ്രത്യേകം പഠിക്കുവാന്‍ ഒരു സമിതി രൂപീകരിക്കണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു. എം എല്‍ എയുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി, ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും, റവന്യു പട്ടയം ലഭ്യമാക്കാന്‍ റവന്യു വകുപ്പുമായി കൂടിച്ചേര്‍ന്നു കൊണ്ട് പരിഹാരം കാണുമെന്നും മന്ത്രി രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *