അഴിമതിയും, കൊള്ളയും നടത്തുന്ന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം; യു ഡി എഫ്


Ad

കല്‍പ്പറ്റ: അഴിമതിയും, കൊള്ളയും നടത്തുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുട്ടില്‍മരംമുറി കേസുമായി ബന്ധപ്പെട്ട് ഉന്നതതല ഗൂഡാലോചന പുറത്തുവന്നിരിക്കുകയാണ്. മരംകൊള്ളക്കേസില്‍ മുഖ്യമന്ത്രിയും മുന്‍ റെവന്യൂ, വനം മന്ത്രിമാരും, ഇപ്പോഴത്തെ വനംമന്ത്രിയും, മുഖ്യമന്ത്രിയുടെ അടുപ്പക്കാരും ഇടപെടല്‍ നടത്തിയത് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തതായി അഡീഷന്‍ സി സി എഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടും അത് പൂഴ്ത്തി വെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സസ്‌പെന്‍ഷന്‍ ചെയ്യേണ്ട ഉദ്യോഗസ്ഥനെ കേവലം സ്ഥലംമാറ്റം നല്‍കി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്ത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ധര്‍മ്മടത്തെ മാധ്യമപ്രവര്‍ത്തകന്‍ പ്രതികളെ സഹായിച്ചതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മരം കൊള്ളക്കേസില്‍ ഉന്നതതല ബന്ധം യു ഡി എഫ് നേരത്തെ ആരോപിച്ചിരുന്നതാണ്. മാത്രമല്ല, ഇതേവിഷയം ഉന്നയിച്ച് യു ഡി എഫ് നിരവധി സമരങ്ങളും നടത്തിയിരുന്നു. ഇതെല്ലാം സത്യമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ തുടരണോയെന്ന് സര്‍ക്കാര്‍ സ്വയം തീരുമാനിക്കണമെന്നും ഇരുവരും പറഞ്ഞു. എന്‍ ഡി എഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെയും, പിന്നീട് തുടര്‍ഭരണമുണ്ടായപ്പോഴും നടത്തിയ കോടികളുടെ കൊള്ള ഇടതുമുന്നണിയുടെ അപചയമാണ് കാണിക്കുന്നത്. ഇതിന് മുമ്പ് ഒരു സി പി എം മുഖ്യമന്ത്രി പോലും കാണിക്കാത്ത തരത്തില്‍ മാഫിയകള്‍ക്ക് ഒത്താശ ചെയ്തും, ഡോളര്‍ക്കടത്ത്, സ്വര്‍ണക്കടത്ത്, ലഹരിമരുന്ന് കടത്ത് എന്നിവയില്‍ പങ്കാളിയായുമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. രാജ്യത്ത് തന്നെ ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും, അതിനെ പ്രതിരോധിക്കാനോ, രോഗവ്യാപനം തടയാനോ, ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാനോ ഈ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ല. സര്‍വമേഖലയും തകര്‍ന്നടിഞ്ഞ് ജനങ്ങള്‍ ജീവിക്കാനാവാതെ പൊറുതിമുട്ടിയിട്ടും ഒന്നും ചെയ്യാതെ നോക്കുകുത്തിയായി ഈ സര്‍ക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഓണക്കിറ്റ് പോലും ഓണം കഴിഞ്ഞിട്ടും മുഴുവന്‍ കാര്‍ഡുടമകള്‍ക്കും നല്‍കാനായില്ല. പാവങ്ങള്‍ക്കുള്ള സൗജന്യറേഷനും മുടങ്ങിയിരിക്കുകയാണ്. ശമ്പളം കൊടുക്കാനും, നിത്യനിധാനചിലവുകള്‍ക്കും പണമില്ലാതെ പതിനായിരക്കണക്കിന് രൂപ കൊള്ളപലിശക്ക് കടം വാങ്ങുകയാണ്. കേരളത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കെടുകാര്യസ്ഥതകള്‍ക്കും, മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികള്‍ക്കുമെതിരെ ശക്തമായ ജനരോക്ഷം വരുംദിവസങ്ങളില്‍ സര്‍ക്കാരിന് നേരിടേണ്ടി വരും. ഇതിന് യു ഡി എഫ് നേതൃത്വം നല്‍കുമെന്നും ഇരുവരും പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *