April 26, 2024

അന്ധവിശ്വാസം തടയാന്‍ നിയമനിര്‍മ്മാണം വേണം; ബാലാവകാശസംരക്ഷണ കമ്മീഷന്‍

0
Img 20210828 Wa0008.jpg
കൽപ്പറ്റ : സമൂഹത്തില്‍ നിലനില്‍ക്കുന്ന  അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്  നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.  ഇതിനായി നേരത്തെ  സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന  കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി,  ബ്ലാക്ക് മാജിക് ബില്‍ 2019 ന്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ  നിയമനിര്‍മാണം നടത്താവുന്നതാണെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍ ചാലിയം, ബബിത ബല്‍രാജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. ആഭ്യന്തരം,  സാമൂഹികനീതി വകുപ്പ് സെക്രട്ടറിമാര്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കുട്ടികള്‍ക്ക് പീഡനമോ അവകാശലംഘനമോ ഉണ്ടാകുന്ന വിധത്തില്‍ അന്ധവിശ്വാസത്തിന്റെയോ മറ്റേതെങ്കിലും  പേരിലോ നടത്തുന്ന ഏത് പ്രവര്‍ത്തനങ്ങളും ബാലാവകാശ ലംഘനമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ പോലീസ് നടപടി  ഉറപ്പുവരുത്തണം. അതുപോലെ പോലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ബോധവാന്മാരാക്കാനും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനും സാമൂഹിക നീതി, വനിത – ശിശു വികസനം  വകുപ്പ് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
കേരളം വിദ്യാഭ്യാസത്തിലും മറ്റും  ഏറെ മുന്നേറിയെങ്കിലും അന്ധ വിശ്വാസവും അനാചാരങ്ങളും ഇന്നും സമൂഹത്തില്‍ കൊടികുത്തി വാഴുകയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. അസുഖ ബാധിതരായവര്‍ക്ക്  ശാസ്ത്രീയ ചികിത്സ നല്‍കുന്നതിന് പകരം ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് മന്ത്രവാദത്തിലൂടെ ചികിത്സ ചെയ്തു വരുന്നത്. ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല,  സമൂഹത്തിലെ സകല മേഖലകളിലും ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ കുട്ടികളെ നഷ്ടപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഏതുതരം വിശ്വാസങ്ങളുടെ പേരില്‍ ആയാലും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
വയനാട് ജില്ലയില്‍ 15 വയസ്സായ കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി പൂജ നടത്തുകയും കുട്ടിയെ ദേഹോപദ്രവം  ഏല്‍പ്പിക്കുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *