June 20, 2026

ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ ശക്തമായി തുടരും: മന്ത്രി കെ.കെ ശൈലജ

0
20.jpg
By ന്യൂസ് വയനാട് ബ്യൂറോ


പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ പടരുന്നതു തടയാന്‍ ആരോഗ്യജാഗ്രതാ ക്യാമ്പയിന്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ നടന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നത് ഉറപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ജനങ്ങള്‍ കുടിക്കുന്നുള്ളൂ എന്ന് ഉറപ്പിക്കണം. എലിപ്പനി, എച്ച്1 എന്‍1, മറ്റ് വൈറസ് പനികള്‍ എന്നിവ നേരത്തേ കണ്ടെത്തി ചികില്‍സിക്കേണ്ടതാണ്. ഇതു കണ്ടെത്താന്‍ തുടര്‍ച്ചയായുള്ള ഫീവര്‍ സര്‍വേ ഉപകരിക്കും. കഴിഞ്ഞ പ്രളയത്തിനു ശേഷം അഞ്ചുമാസം ജില്ലയില്‍ 71 എലിപ്പനി കേസുകളും 20 എച്ച്1 എന്‍1 കേസുകളും റിപോര്‍ട്ട് ചെയ്തിരുന്നു. 51 പേര്‍ക്ക് പ്രളയാനന്തര മാനസികാരോഗ്യ ചികിത്സയും നല്‍കേണ്ടിവന്നിട്ടുണ്ട്. 156 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവും കണ്ടെത്തി. എലിപ്പനി തടയാന്‍ ആറുലക്ഷത്തോളം ഗുളികകള്‍ വിതരണം ചെയ്തു. ഡോക്സി കോര്‍ണര്‍ സ്ഥാപിച്ചും ഡോക്സി ഡേ ആചരിച്ചുമാണ് ഇതു നടപ്പാക്കിയത്. ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സാഹചര്യത്തിലും തുടരുകയാണ്.
 
      ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ഉണ്ടാകാവുന്ന അപകടമാണ് പാമ്പുകടി. മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പാമ്പുകടിക്കുള്ള ചികില്‍സ ലഭിക്കും. ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി എന്നിവ തടയാന്‍ കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണം. ദുരന്തത്തിലകപ്പെട്ട പകര്‍ച്ചേതര വ്യാധികളുള്ളവരുടെ ആരോഗ്യസംരക്ഷണവും പ്രധാനമാണ്. മാനസികവും സാമൂഹികവുമായ പിന്തുണ ആവശ്യമാണെന്നു കണ്ടെത്തുന്നവര്‍ക്ക് കൗണ്‍സലിങും പരിചരണവും നല്‍കുന്നത് ഇത്തവണയും തുടരുകയാണ്. ജില്ലയില്‍ നിലവിലുള്ള നാല് മാനസികാരോഗ്യ വിദഗ്ധരാര്‍ ഇതിനു നേതൃത്വം നല്‍കുന്നു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ഗര്‍ഭിണികള്‍, കുട്ടികള്‍, നവജാത ശിശുക്കള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, വയോജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നു മന്ത്രി നിര്‍ദേശിച്ചു. മൊബൈല്‍ ക്ലിനിക്കുകള്‍ വഴി എല്ലാ കോളനികളിലും മുടങ്ങാതെ ആരോഗ്യ സേവനമെത്തിക്കുന്നതിനും ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന അരിവാള്‍ രോഗബാധിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും വേണം. രോഗപ്രതിരോധ-ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. ദുരന്തബാധിത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന വകുപ്പുകളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. 
ഫാമിലി ഹെല്‍ത്ത് സെന്ററുകളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകീട്ട് ആറുവരെ ഒപി നിര്‍ബന്ധമായി പ്രവര്‍ത്തിക്കണം. നാലു ഡോക്ടര്‍മാരിലധികമുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും ഇതു ബാധകമാണ്. ദുരന്തബാധിത മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി മാത്രം സ്വകാര്യ സ്ഥാപനങ്ങളുടെയും സഹായം ഉറപ്പുവരുത്തും. പൊതുജലാശയങ്ങളിലെ സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ദേശീയ ആരോഗ്യദൗത്യം സ്‌റ്റേറ്റ് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എ.ഡി.എം കെ. അജീഷ്, ഡി.എം.ഒ ഡോ. ആര്‍.രേണുക, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, മെഡിക്കല്‍ ഓഫിസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *