സൈന്യത്തിന് പോലും എത്താനാകാതെ വയനാട്. : ദുരന്ത ചിത്രം ഭീകരം
വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയിൽ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാതെ മടങ്ങി. ഇവർ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ് ചെയ്യുകയാണ്. കണ്ണൂരിൽ നിന്ന് രണ്ട് ബസുകളിലായി വയനാട്ടിലേക്ക് പുറപ്പെട്ട അറുപത് അംഗ ആർമി സംഘവും ചുരത്തിൽ കുടുങ്ങി. ഇവർ വന്ന ഒരു ബസ് കേടായി. മറ്റൊരു ബസ് ഇടുങ്ങിയ വഴിയിൽ കുടുങ്ങുകയും ചെയ്തു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സൈന്യത്തെ വയനാട്ടിലെത്തിക്കാൻ ചെറുവാഹനങ്ങൾ അയച്ചിട്ടുണ്ട്. റോഡ് മാർഗ്ഗം ചെന്നൈയിൽ നിന്ന് പുറപ്പെട്ട നാല് പതംഗ ദേശീയ ദുരന്ത നിവാരണ സേനക്കും ദുർഘടമായ പാതകൾ താണ്ടി എത്താൻ കഴിഞ്ഞിട്ടില്ല. വൈകുന്നേരത്തോടെ അവർ വയനാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള വയനാട്ടിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒറ്റപ്പെട്ട വയനാട്ടിൽ പലയിടത്തും ഗതാഗത സൗകര്യവും വൈദ്യുതിയുമില്ല. വാർത്താ വിനിമയ സംവിധാനങ്ങൾ പോലും താറുമാറായി. പത്തിലധികം സ്ഥലത്ത് ഉരുൾ പൊട്ടലും നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും താഴ്ന്ന മുഴുവൻ പ്രദേശങ്ങളിലും വെള്ളപ്പൊക്കവും കാരണം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് വയനാട് നേരിടുന്നത്.






Leave a Reply