ചുമട്ടുതൊഴിലാളികളല്ല: ഇവർ ഗസറ്റഡ് ഓഫീസർമാർ: രാപകലില്ലാതെ സേവനവുമായി സർക്കാർ ജീവനക്കാരും പൊതുജനങ്ങളും.
സി.വി.ഷിബു.
കൽപ്പറ്റ: പതിനായിരകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ
വയനാടിന്റെ എക്കാലത്തെയും വലിയ ദുരന്തമായ ഈ വർഷത്തെ പ്രകൃതി ക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരമയോടെ. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മത- രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തകരും നൂറ് കണക്കിന് പൊതുജനങ്ങളും വയനാട്ടിലെ ദുരിതബാധിതർക്കായി കൈകോർത്തു. വ്യോമസേന, ആർമി, ദേശീയ ദുരന്ത നിവാരണ സേനാ ,നാവിക സേന അടക്കം ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ സേനാ വിഭാഗങ്ങളും പൊതുജനങ്ങളും കൈകോർത്തുള്ള ആശ്വാസ പ്രവർത്തനങ്ങളാണ് വയനാട്ടിലെങ്ങും കാണാൻ കഴിയുന്നത്. സഹായങ്ങളുമായി ജില്ലക്ക് പുറത്ത് നിന്നും ധാരാളം പേർ എത്തുന്നുണ്ട്. ജില്ലാ ഭരണകൂടം മുഖേന മാത്രമെ സഹായങ്ങൾ നൽകാവൂ എന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന്
തിങ്കളാഴ്ച മാത്രം മുപ്പതിലധികം വ്യക്തികളും സ്ഥാപനങ്ങളുമാണ് വയനാട് കലക്ട്രേറ്റിലെ ആസൂത്രണ ഭവനിലെത്തിയത്. ലോറിയിലും മറ്റുമായി ലോഡ് കണക്കിന് അരി ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങളുമായി എത്തിയപ്പോൾ അവ മുഴുവൻ ഇറക്കിയതും അട്ടിവെച്ചതും ചെറു വാഹനങ്ങളിലേക്ക് കയറ്റിയതും കലക്ട്രേറ്റിലെയും ആസൂത്രണ ഭവനിലെയും ജീവനക്കാരാണ്. വനിതാ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥർ പോലും ചുമട് ജോലികളിൽ വ്യാപൃതരായി. ചിലർ അരി ചാക്ക് ചുമക്കുമ്പോൾ മറ്റ് ചിലർ വെള്ളത്തിന്റെ ബാരലുകൾ ചുമലിലേറ്റുന്നു. വേറെ ചിലരാകട്ടെ ഗ്രാമങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും നൽകാനായി ഓരോ കിറ്റുകളാക്കി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്.
തമിഴ്നാട്ടിൽ നിന്ന് പോലും തിങ്കളാഴ്ച സാധനങ്ങളുമായി സുമനസ്സുകളെത്തി. കലക്ട്രേറ്റിൽ ശേഖരിക്കുന്നവ ക്യാമ്പുകളിൽ എത്തിക്കാൻ സൗജന്യമായി വാഹനങ്ങൾ വിട്ടു നൽകിയവരുണ്ട്. മുഴുവൻ സമയവും സേവനത്തിനെത്തിയവരുണ്ട്. റെഡ് അലർട്ട് നിലനിൽക്കുന്ന വയനാട്ടിൽ സർക്കാർ ജീവനക്കാർ സംഘടനയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ്. പ്രശംസനീയമായ തരത്തിലാണ് പൊതുജനങ്ങൾ ദുരിതത്തെ നേരിട്ടത്.
വരും ദിവസങ്ങളിലും വയനാടിന് സഹായവുമായി എത്തുമെന്ന് ധാരാളം പേർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. അതിനാൽ ഇവർക്ക് ഇനിയും വിശ്രമമില്ലാത്ത രാപകലുകളാണ്.






Leave a Reply