March 29, 2024

സര്‍ക്കാര്‍ വാഗ്ദാനം പാഴായി; പ്രളയനഷ്ടം വന്ന ചെറുകിട വ്യവസായികള്‍ പെരുവഴിയില്‍

0

കല്‍പ്പറ്റ:പ്രളയനഷ്ടങ്ങള്‍ സംഭവിച്ച ചെറുകിട വ്യവസായികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതം അടിയന്തിരമായി നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കിയില്ല.ജില്ലയില്‍ 26 യൂണിറ്റുകള്‍ 90%വും പ്രളയത്തില്‍ നശിച്ചു. 48 യൂണിറ്റുകള്‍ ഭാഗികമായും നഷ്ടപ്പെട്ടു. ഈ വിവരം ഓരോ വ്യവസായ യൂണിറ്റുടമകളും പ്രത്യേകം ഫോറത്തില്‍ നഷ്ടത്തിന്റെ വിശദവിവരങ്ങള്‍ തയ്യാറാക്കി മൂന്ന് മാസത്തില്‍ മുമ്പ് അസോസിയേഷന്‍ മുഖേനെ വ്യവസായ വകുപ്പ് മന്ത്രിക്ക് അയച്ചുകൊടുത്തു. വൈത്തിരിയില്‍ 6ഉം, കല്‍പ്പറ്റയില്‍ 4ഉം, മാനന്തവാടി 6ഉം, പനമരം 12ഉം, തലപ്പുഴയില്‍ 6ഉം, മേപ്പാടിയില്‍ 4ഉം, ഇത്രയും യൂണിറ്റുകളാണ് പ്രധാനമായും നഷ്ടപ്പെട്ടവ. ഇതില്‍ മരമില്ലുകള്‍, ഫ്‌ളോര്‍മില്‍, കോഫിമില്‍, ഐസ്‌കീം, ഫര്‍ണിച്ചര്‍, ടയര്‍ റീസോളിംഗ്, പ്ലൈവുഡ് ഫാക്ടറി എന്നീ പ്രധാനപ്പെട്ട യൂണിറ്റുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ഇവ പുനര്‍നിര്‍മ്മിക്കണമെങ്കില്‍ ഓരോ യൂണിറ്റുകള്‍ക്കും 20 ലക്ഷം രൂപ ചുരുങ്ങിയത് ആവശ്യമാണ്. സര്‍ക്കാര്‍ സഹായവും, ബാങ്ക് വായ്പയും ഇല്ലാതെ ഇതിന് കഴിയില്ല. ഇത്തരം യൂണിറ്റുകള്‍ക്കെതിരെ ബാങ്കുകള്‍ എന്‍.പി.എ. യുടെ പേരില്‍ ജപ്തി നടപടിയും വൈദ്യുതി വകുപ്പ് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്ത്, മുനിസിപ്പാലിറ്റി ലൈസന്‍സ് പുതുക്കിയില്ലെന്നും, പൊലൂഷന്‍ പുതുക്കിയില്ലെന്നും പറഞ്ഞ് കനത്ത പിഴ ചുമത്തി നോട്ടീസ് അയക്കുന്നു. ഇതും വ്യവസായികള്‍ക്ക് പ്രഹരമായി എങ്ങിനെ മുമ്പോട്ടു പോകും. ജീവിതം വഴിമുട്ടി എന്ന വിഷമത്തിലാണ് പലരും. ഇതിന് പരിഹാരം അടിന്തരമായി സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കി സഹായിക്കണം. പ്രത്യേക വ്യവസായ പാക്കേജ് രൂപീകരിക്കണമെന്നും വ്യവസായികള്‍ക്കെതിരെയുള്ള എല്ലാവിധ നടപടികളും നിര്‍ത്തിവെക്കണമെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എ. ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ്ജ് മുണ്ടയ്ക്കല്‍, ഡോ. വി. സത്യാനന്ദന്‍നായര്‍, ടോമി വടക്കുംചേരി, ടി.ഡി. ജെയ്‌നന്‍, ഉമ്മര്‍ വി., സുരേഷ് കുമാര്‍ പി.ഡി. എന്നിവര്‍ സംസാരിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *