April 25, 2024

വയനാട് ലോക്സഭാമണ്ഡലത്തില്‍ 1860 സര്‍വ്വീസ് വോട്ടര്‍മാര്‍

0
 
   വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സര്‍വീസ് വോട്ടര്‍മാര്‍ക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി.  ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടിംഗ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴിയാണ് ഇവര്‍ക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അയച്ചത്. വിവിധ കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 1860 സര്‍വ്വീസ് വോട്ടര്‍മാരാണുളളത്. മാനന്തവാടി (259), സുല്‍ത്താന്‍ ബത്തേരി (442), കല്‍പ്പറ്റ (269), തിരുവമ്പാടി (253), ഏറനാട് (141) ,നിലമ്പൂര്‍ (281), വണ്ടൂര്‍ (215) എന്നിങ്ങനെയാണ് നിയോജക മണ്ഡലടിസ്ഥാനത്തിലുളള സര്‍വ്വീസ് വോട്ടര്‍മാരുടെ എണ്ണം. 
  മുന്‍കാലങ്ങളില്‍ സര്‍വീസ് ബാലറ്റ് പേപ്പര്‍ അടക്കം ചെയ്ത കവര്‍, വോട്ട് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍, ഞാന്‍ ഇന്ന ബൂത്തിലെ ഇത്രാം നമ്പര്‍ വോട്ടറാണെന്നു കാണിക്കുന്ന സത്യപ്രസ്താവന, വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ തിരിച്ചയക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസറുടെ അഡ്രസ് പ്രിന്റ് ചെയ്ത സ്റ്റാമ്പോട്ടിച്ച കവര്‍ എന്നിവ വലിയ കവറിലാക്കി അയക്കുകയാണ് പതിവ്. ഇത്തവണയാണ് സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ ബാലറ്റ് സംവിധാനം നിലവില്‍ വന്നത്. സര്‍വീസ് വോട്ടര്‍മാര്‍ സേവനം ചെയ്യുന്ന യൂനിറ്റ് മേധാവിക്കാണ് ഇവ ലഭിക്കുക. പ്രത്യേക യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ യൂനിറ്റ് മേധാവിക്ക് യൂനിറ്റിനു കീഴിലുള്ള വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി അയച്ച ബാലറ്റ് പേപ്പര്‍, സത്യ പ്രസ്താവന, വോട്ട് ചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. പതിവു പോലെ വോട്ട് ചെയ്ത ശേഷം ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പായി വരണാധികാരിക്ക് ലഭിക്കും വിധം തിരികെ അയക്കണം. വൈകി കിട്ടുന്ന ബാലറ്റുകള്‍ പരിഗണിക്കില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *