April 19, 2024

ലില്ലി ടീച്ചറും പടിയിറങ്ങുന്നു: ഒരധ്യാപകൻ പോലുമില്ലാതെ ചേകാടി എല്‍ പി സ്കൂൾ.

0
പുല്‍പ്പള്ളി: 36 വര്‍ഷത്തെ അധ്യയന ജീവിതത്തിന് ശേഷം മുള്ളന്‍കൊല്ലി കൈതപ്പാടത്ത് ലില്ലിടീച്ചര്‍ അധ്യാപകജീവിതത്തോട് വിടപറയാനൊരുങ്ങുന്നു. പുല്‍പ്പള്ളിമേഖലയിലെ വനഗ്രാമമായ ചേകാടി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപിക സ്ഥാനത്ത് നിന്നാണ് ഈ അധ്യാപിക ജൂണ്‍ 30ന് വിരമിക്കാനൊരുങ്ങുന്നത്. കണ്ണൂര്‍ സ്വദേശിയായ ലില്ലിടീച്ചര്‍ വിവാഹത്തോടെയാണ് പുല്‍പ്പള്ളിയിലെത്തുന്നത്. 1987-ല്‍ ഇരുപതാമെത്തെ വയസില്‍ പി എസ് സി ലഭിച്ചു. പെരിക്കല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു ആദ്യനിയമനം. നിയമനത്തില്‍ കാലതാമസമുണ്ടായതിനാല്‍ ഇതിനിടയില്‍ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലും ഈ അധ്യാപിക മൂന്ന് വര്‍ഷം ജോലി ചെയ്തു. പെരിക്കലൂരില്‍ നിന്നും അതിരാറ്റുകുന്ന് ഗവ. ഹൈസ്‌ക്കൂളിലേക്കായിരുന്നു സ്ഥലം മാറ്റം ലഭിച്ചത്. അവിടെ ആറ് വര്‍ഷം ജോലി ചെയ്ത ശേഷമാണ് ചേകാടിയിലെത്തുന്നത്. വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചേകാടി ഗ്രാമത്തില്‍ സ്വാതന്ത്ര്യത്തിനും മുമ്പ് 1924-ല്‍ സ്ഥാപിതമായതാണ് ഈ എല്‍ പി സ്‌കൂള്‍. നിലവില്‍ 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 73 പേരും പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്ഥിരം നിയമനത്തിന് ഒരധ്യാപകരും താല്‍പര്യം കാണിക്കാത്ത ചേകാടി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകരായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. എല്ലാവര്‍ഷവും അവര്‍ മാറിമാറി വന്നുകൊണ്ടിരുന്നു. ഇവര്‍ക്കിടയിലേക്കായിരുന്നു ലില്ലിടീച്ചര്‍ എത്തുന്നത്. വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ള ഈ അധ്യാപിക കുട്ടികളെ വളരെ സൂക്ഷ്മതയോടെ  പഠിപ്പിച്ചു. ഒടുവില്‍ മനോഹരങ്ങളായ അക്ഷരങ്ങള്‍കൊണ്ട് ലില്ലീടീച്ചര്‍ക്ക് യാത്രാമംഗങ്ങള്‍ നേര്‍ന്നാണ്  കുട്ടികളില്‍ ഭൂരിഭാഗവും നാലാംക്ലാസ് പഠനം കഴിഞ്ഞ് സ്‌കൂളിന്റെ പടിയിറങ്ങിയത്. 

        നിലവില്‍ ലില്ലിടീച്ചര്‍ കൂടി പോകുന്നതോടെ ഒരധ്യാപകന്‍ പോലുമില്ലാത്ത അവസ്ഥയിലാണ് ചേകാടി എല്‍ പി സ്‌കൂള്‍. തിരഞ്ഞെടുപ്പും മറ്റും ആയതിനാല്‍ പുതിയ നിയമനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. നാല് അധ്യാപകരാണ് ചേകാടി സ്‌കൂളില്‍ വേണ്ടത്. എന്നാല്‍ ഭൂരിഭാഗം പേരും ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. അതിന്റെ പ്രധാനകാരണം ഇവിടേക്ക് എത്തിപ്പെടാനുള്ള പ്രയാസം തന്നെയാണ്. കാട്ടാനശല്യവും ഇവിടെ രൂക്ഷമാണ്.

          ജില്ലയിലെ വിദ്യാലയങ്ങളില്‍ ചേകാടി എല്‍ പി സ്‌കൂള്‍ വലിയ നിലവാരമൊന്നും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ലില്ലിടീച്ചറുടെ വരവോടെ എല്ലാം മാറി. അവധിക്കാലത്ത് നാലാംക്ലാസ് പഠനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ ടി സി വാങ്ങാനെത്തുമ്പോള്‍ നന്നായി പഠിക്കണമെന്ന ഉപദേശം നല്‍കിയാണ് ടീച്ചര്‍ പറഞ്ഞയക്കുന്നത്. യു പി മുതല്‍ പഠനം തുടരാന്‍ 13 കിലോമീറ്ററോളം താണ്ടി പുല്‍പ്പള്ളിയിലെത്തിച്ചേരേണ്ട അവസ്ഥയാണ് നിലവില്‍ ചേ കാടി ഗ്രാമത്തിലെ കുട്ടികള്‍ക്കുള്ളത്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ ഇനിയും ഹൈടെക് ആക്കാത്ത ഒരു വിദ്യാലയം കൂടിയാണ് ചേകാടി സ്‌കൂള്‍. യു പിയായി അപ്രഗേഡ് ചെയ്യണമെന്ന ആവശ്യത്തിനും വര്‍ ഷങ്ങളുടെ പഴക്കമുണ്ട്.
         സ്‌കൂളിന്റെ കാര്യത്തില്‍ അധികൃതര്‍ അല്‍പ്പം കൂടി ശ്രദ്ധ പുലര്‍ത്തണമെന്ന ഒറ്റയാവശ്യം മാത്രമാണ് ഇപ്പോള്‍ ഈ അധ്യാപികക്കുള്ളത്. മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകനായിരുന്ന ടോം തോമസാണ് ലില്ലിടീച്ചറുടെ ഭര്‍ത്താവ്. നിമ്മി, അഖില്‍, അഞ്ജലി എന്നിവരാണ് മക്കള്‍. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *