April 20, 2024

പുനരധിവാസം: ദുരന്തഭീഷണിയില്ലാത്ത ഭൂമി കണ്ടെത്തും

0

പുത്തുമലയില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടാഴ്ചക്കകം ഉചിതമായ ഭൂമി കണ്ടെത്തുന്നതിന് നടപടിയുണ്ടാവും. ജനപ്രതിനിധികളുടെയും റവന്യൂ അധികാരികളുടെയും നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തുക.  ദുരന്ത ഭീഷണിയില്ലാത്ത വാസയോഗ്യമായ ഭൂമി കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരസുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 53 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  24 വീടുകള്‍ അപകടാവസ്ഥയിലുമാണ്.  ഈ വീടുകളില്‍ കഴിഞ്ഞവരെ എത്രയുംപെട്ടെന്ന് പുനരധിവിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള വേഗതയേറിയ നടപടികള്‍ ഉണ്ടാവണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ജില്ലയിലെ രക്ഷാപ്രവര്‍ത്തന-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായധനം നിശ്ചയിക്കുന്നതിനായി കരട് രൂപരേഖ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ റീബില്‍ഡ് ആപ്പ് വഴി നഷ്ടപരിഹാരം നിശ്ചയിച്ചതിലുണ്ടായ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസിനെ ചുമതലപ്പെടുത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *