April 24, 2024

മുന്‍കരുതല്‍ നടപടി മരണസംഖ്യ കുറച്ചു: പുത്തുമലക്കാര്‍ക്കു മുമ്പില്‍ ദൈവദൂതനായി ചന്ദ്രേട്ടന്‍

0
512.jpg
പുത്തുമല: 'കണ്‍മുമ്പിലൂടെ കടന്നുപോയ ഭീകരദുരന്തത്തിന്റെ ദൃശ്യങ്ങള്‍ വേട്ടയാടുമ്പോഴും ചന്ദ്രേട്ടന്‍ ഞങ്ങളുടെ കൂടെ സദാസമയവും ഉണ്ടായിരുന്നു, രാവും പകലും ഉറക്കമൊഴിച്ച്. അദേഹം കഴിവിന്റെ പരമാവധി ഞങ്ങള്‍ക്ക് വേണ്ടി ഓടി നടന്നിട്ടുണ്ട്', മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പുത്തുമല ചോലശേരി ഹംസ ജ്യേഷ്ഠന്‍ ഇബ്രായി ഉരുള്‍പൊട്ടലില്‍ മരിച്ചതിന്റെ അഘാതത്തിലാണെങ്കിലും ചന്ദ്രനെ നമിക്കുകയാണ്. ചന്ദ്രന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ കുറഞ്ഞത് 100 പേരെങ്കിലും ഉരുള്‍പൊട്ടലില്‍ അകപ്പെടുമായിരുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. പുത്തുമല ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡ് ജനപ്രതിനിധിയാണ് ചന്ദ്രന്‍ (50) ഹാരിസണ്‍ മലയാളം ലിമിറ്റഡ് പുത്തുമലയിലെ ഡിവിഷനിലെ ലാബ് അറ്റന്‍ഡര്‍ കൂടിയാണ്. വ്യാഴാഴ്ച വൈകീട്ടാണ് ഉരുള്‍പൊട്ടലുണ്ടായത്. തൊട്ടുതലേ ദിവസം ബുധനാഴ്ച രാത്രി ഒരു മണിയോടു കൂടി ചന്ദ്രന് ഒരു ഫോണ്‍ കോളെത്തി. പുത്തുമലയിലെ പ്രവര്‍ത്തനം നിറുത്തിയ ക്വാറിക്കു സമീപമുള്ള ലീലാമണി, രവീന്ദ്രന്‍ എന്നിവര്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചതായിരുന്നു. മുകളില്‍ നിന്ന് പാറയും മണ്ണും ഇടിഞ്ഞ് ഇവരുടെ വീട്ടിലേക്ക് വീണിരുന്നു. ഉടന്‍ തന്നെ ചന്ദ്രന്‍ സ്ഥലത്തെത്തി രണ്ട് കുടുംബങ്ങളെയും അവിടെ നിന്ന് മാറ്റിയതിനു പിന്നാലെ രണ്ടു വീടുകളും തകര്‍ന്നടിഞ്ഞു. രാത്രി തന്നെ പുത്തുമലയിലെ തോട്ടില്‍ ജല നിരപ്പുയര്‍ന്നിരുന്നു. മലമുകളില്‍ ചെറുതായി മണ്ണിടിയുന്നതിന്റെയും മണ്ണൊലിപ്പിന്റെയും സൂചനകള്‍. ഔദ്യോഗികമായി യാതൊരു അറിയിപ്പുകളുമുണ്ടായിരുന്നില്ല.  ഇതുവരെയായി ഉരുള്‍പൊട്ടാത്ത സ്ഥലവും കൂടിയാണ് പുത്തുമല. പക്ഷെ വ്യാഴാഴ്ച രാവിലെ മുതല്‍ ചന്ദ്രന്‍ മുന്നിട്ടിറങ്ങി. പ്രദേശവാസികളെ സംഘടിപ്പിച്ച് പരമാവധി ആളുകളെ പുത്തുമല ഗവ. സ്‌കൂളിലേക്കും മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിലേക്കും മാറ്റി. ചന്ദ്രന്റെ മുന്‍കരുതലുകള്‍ നാടിനു രക്ഷയായി. 
അല്ലായിരുന്നുവെങ്കില്‍..? പലര്‍ക്കും ആലോചിക്കാന്‍ വയ്യ. പുത്തുമലയില്‍ ഏകദേശം 60 വീടുകളിലായി നൂറിലേരെ പേരാണ് താമസിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷത്തെയും വ്യാഴാഴ്ച വൈകിട്ടോടെ മാറ്റിയതിനാല്‍ മരണസംഖ്യ കുറഞ്ഞു. മേപ്പാടിയില്‍ നിന്ന് പുത്തുമലക്കുള്ള റോഡില്‍ കള്ളാടി മുതല്‍ ചൂരല്‍മല വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് മണ്ണും പാറയും ഇടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. തന്‍മൂലം ഉരുള്‍പൊട്ടലുണ്ടായ വ്യാഴാഴ്ച രാത്രി അങ്ങോട്ടേക്ക് പുറമെ നിന്ന് അധികൃതര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ട രാത്രി സമയത്തെല്ലാം ആളുകള്‍ക്ക് സാന്ത്വനമായി അവരുടെ കൂടെ ചന്ദ്രനുണ്ടായിരുന്നു. 
ജനപ്രതിനിയാകുന്നതിനു മുമ്പുതന്നെ പുത്തുമല പ്രദേശവാസികളുടെ ഏത് പ്രശ്‌നങ്ങള്‍ക്ക് മുമ്പിലും നിസ്വാര്‍ത്ഥനായി ചന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ആളുകള്‍ അദേഹത്തെ നിര്‍ബന്ധിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. ആളുകള്‍ പ്രശംസിക്കുമ്പോഴും ദു:ഖിതനാണ് ചന്ദ്രന്‍, മുഴുവനാളുകളെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *