പുറത്താക്കിയിട്ടും കലിയടങ്ങിയില്ല: അപവാദ പ്രചരണത്തിന് നേതൃത്വം നൽകി സഭ: സിസ്റ്റർ ലൂസി പോലീസ് മേധാവിക്ക് പരാതി നൽകി.
മാനന്തവാടി രൂപതയിലെ പി.ആർ.ഒ ടീം അംഗമായ ഫാദർ നോബിൾ പാറയ്ക്കലിനെതിരെയാണ് സിസ്റ്റർ ലൂസി കളപ്പുര ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തന്നെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ഫാദർ നോബിൾ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് സിസ്റ്ററുടെ പരാതി. സിസ്റ്റർ ലൂസിയെ കാണാനെത്തിയ രണ്ടു മാധ്യമ പ്രവർത്തകർ മഠത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടുക്കള വാതിലിലൂടെ അകത്തേക്ക് പുരുഷന്മാരെ കയറ്റുന്നു എന്ന തരത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഒരു വർഷമായി മoത്തിന്റെ പ്രധാന വാതിൽ സ്ഥിരമായി പൂട്ടിയിടുന്നതിനാൽ എല്ലാവരും ഈ വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. തന്നെ സമൂഹത്തിനു മുൻപിൽ മോശക്കാരി ആക്കുകയാണ് ലക്ഷ്യം. തന്നെ പൂട്ടിയിട്ട സംഭവം പുറംലോകമറിഞ്ഞതിലുള്ള പ്രതികാരമാണ് ഇത്തരം പ്രചാരണങ്ങൾക്ക് കാരണം. കഴിഞ്ഞ ജൂൺ മാസത്തിലാണ് വാർത്തയുടെ ആവശ്യവുമായി ജില്ലയിലെ രണ്ട് മാധ്യമ പ്രവർത്തകർ തന്നെ കാണാൻ എത്തിയത്. ഈ രംഗങ്ങളാണ് സി സി ടി വിയിൽ നിന്നും അടർത്തിയെടുത്ത് പ്രചരിപ്പിച്ചതെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.





Leave a Reply