April 19, 2024

ദുരന്തഭൂമിക്ക് ആശ്വാസം പകരാന്‍ അയല്‍ഗ്രാമങ്ങള്‍ കൈകോര്‍ക്കുന്നു.

0


ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതച്ച പുത്തുമലയിലും കുറിച്ച്യാര്‍മലയിലും താമസിക്കുന്നവര്‍ക്ക് മാനസികപിന്തുണയേകാനും പ്രദേശത്തെ വീണ്ടെടുക്കാനും അയല്‍ ഗ്രാമങ്ങള്‍ കൈകോര്‍ക്കുന്നു. മൂപ്പൈനാട്, മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പ്രതിനിധികള്‍ പുത്തുമലയിലും വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ പ്രതിനിധികള്‍ കുറിച്യര്‍യര്‍മലയിലും സെപ്തംബര്‍ 30 ന് എത്തും. ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെട്ട അമ്പതോളം പേരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിക്കുക. പ്രദേശത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ ഭീഷണി തടയുന്നതിനായി മുള തൈകള്‍ വെച്ച് പിടിപ്പിക്കാനും സംഘം മുന്നിട്ടിറങ്ങും.  വനംവകുപ്പിന്റെ സഹായത്തോടെയാണ് ആവശ്യമായ മുളം തൈകള്‍ ഇവിടെ ലഭ്യമാക്കുക. കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

      പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടത്തുന്ന മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് സെപ്തംബര്‍ 3 നും ആധാര്‍,റേഷന്‍ കാര്‍ഡ് അദാലത്തുകള്‍ 5 നും കല്‍പ്പറ്റയില്‍ നടക്കും. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുളളവരെ കണ്ടെത്തി സിറ്റിംഗില്‍  ഹാജരാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തില്‍ നടത്തേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ ആഗ്രഹം പ്രകാരം ഒരു പ്രദേശത്ത് തന്നെ ഒരുമിച്ച് താമസമൊരുക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു. ആവശ്യമായ ഭൂമി നല്‍കാന്‍ സുമനസ്സുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭയിലും, വൈത്തിരി  പഞ്ചായത്തിലും പനുരധിവാസത്തിനാവശ്യമായ ഭൂമി ലഭ്യമായതായി അദ്ദേഹം അറിയിച്ചു. പുഴയുടെയും തോടുകളുകളുടെയും പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പുനരധിവാസം രണ്ടാം ഘട്ടില്‍ പരിഹരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.

    ആദിവാസി കോളനികളിലെ വീടുകള്‍ ചോര്‍ന്നൊലിക്കുന്നതിന് പരിഹാരം കാണുന്നതിന് പ്രത്യേകം പ്രോജക്ട് തയ്യാറാക്കി സര്‍ക്കാറിന്റെ അനുമതി തേടാനും യോഗത്തില്‍ തീരുമാനമായി. കാമ്പസുകളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി ഓരോ കലാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ചംഗ വൊളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പച്ചപ്പ് പദ്ധതിക്ക് കീഴില്‍ കബനി നദിക്കരയില്‍ മുളം തൈ നടുന്നത് സെപ്റ്റംബര്‍ 23 നും നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *