April 17, 2024

പുത്തുമല പുനരധിവാസം: തണലേകാന്‍ മാതൃകാ വില്ലേജ് ഒരുങ്ങുന്നു

0
Puthumala Punarathivasam Sambathicha Pathrasammelanathil Mla Samsarikunnu 4.jpg


· യാഥാര്‍ത്ഥ്യമാകുന്നത് ആദ്യത്തെ പുനരധിവാസ ഗ്രാമം
· ആദ്യഘട്ടത്തില്‍ 56 വീടുകള്‍. ഡിസംബര്‍ 24 ന് തറക്കല്ലിടും
· പ്രതീക്ഷിത ചെലവ് 12 കോടി

പുത്തുമല ദുരന്തബാധിതര്‍ക്ക് തണലേകാന്‍ സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ വില്ലേജ്  യാഥാര്‍ത്ഥ്യമാകുന്നു. മേപ്പാടി കള്ളാടി വാഴക്കാല എസ്‌റ്റേറ്റിലെ എട്ട് ഏക്കര്‍ ഭൂമിയിലാണ്  മാതൃകാ വില്ലേജ് ഒരുങ്ങുക. ഡിസംബര്‍ 24 ന് ഈ ബൃഹത് പദ്ധതിക്ക് തറക്കല്ലിടും. 12 കോടി ചെലവില്‍   ആധുനിക രീതിയില്‍ പ്രകൃതിസൗഹൃദമായാണ് ഇവിടെ വീടുകള്‍ ഉയരുക.  60 വീടുകളാണ് മാതൃകാ വില്ലേജില്‍ നിര്‍മ്മിക്കുക. 15 വീടുകളടങ്ങിയ നാല് ബ്ലോക്കുകളായിട്ടാണ് നിര്‍മ്മാണം. ഓരോ ബ്ലോക്കിലും താമസക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ പ്രത്യേകം സ്ഥലവും ഒഴിച്ചിടും. പ്രധാന റോഡിന് പുറമേ വില്ലേജിലെ മുഴുവന്‍ വീടുകളെയും ബന്ധപ്പെടുത്തി റിംഗ് റോഡും ഉണ്ടാകും. പൊതുയിടം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം, കുടിവെളള സൗകര്യം, മഴവെള്ള സംഭരണി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
    പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടായിരിക്കും മാതൃകാ വില്ലേജ് പൂര്‍ത്തീകരിക്കുക.  ആദ്യഘട്ടത്തില്‍ 56 വീടുകളാണ് പണിയുന്നത്. നാല് വീടുകള്‍ പിന്നീട് നിര്‍മ്മിക്കും. മഴക്കാലത്തിന് മുമ്പേ പദ്ധതി പൂര്‍ത്തിയാക്കും.  650 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന ഒറ്റ നില വീടിന് രണ്ട് കിടപ്പ് മുറി, അടുക്കള,  സ്വീകരണമുറി, ടോയിലറ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. ഭാവിയില്‍ ഇരുനിലയാക്കി മാറ്റാന്‍ സാധിക്കുന്ന വിധത്തിലാണ് മാതൃകാ വില്ലേജിലെ വീടുകളുടെ രൂപകല്‍പ്പന. ഓരോ വീട്ടിലേക്കും റോഡ്  സൗകര്യവുമുണ്ടാകും.  
    മാതൃകാ വില്ലേജിന് ഭൂമി കണ്ടെത്തിയിരിക്കുന്നത് മാതൃഭൂമിയുടെ നേതൃത്വത്തിലാണ്. ഏഴ് ഏക്കര്‍ ഭൂമിയാണ് മാതൃഭൂമി മാതൃകാ വില്ലേജിനായി  വാങ്ങി നല്‍കിയിരിക്കുന്നത്.  സ്ഥലം ഉടമ ഉടമ നൗഫല്‍ അഹമ്മദ് 1.5 ഏക്കര്‍ ഭൂമിയും സൗജന്യമായി ഇതിനായി വിട്ട് നല്‍കും. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍  ഡിസംബര്‍ 10 നകം പൂര്‍ത്തീകരിക്കും. ജില്ലാ മണ്ണു സംരക്ഷണ വിഭാഗത്തിന്റെ പരിശോധനയില്‍ പ്രദേശം വാസയോഗ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

    കോഴിക്കോട് ആസ്ഥാനമായ കലാ സാംസ്‌ക്കാരിക വ്യവസായ പ്രവര്‍ത്തകരുടെ കൂട്ടായ്മ കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷനാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ് അസോസിയേഷന്‍ കാലിക്കറ്റ് ചാപ്റ്ററാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 7 ലക്ഷം രൂപയാണ് ഒരു വീടിനായി ചെലവിടുന്നത്. എഞ്ചിനിയേഴ്‌സ് അസോസിയോഷനും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി എളമരം കരീം എം.പി, എം.പി വിരേന്ദ്രകുമാര്‍ എം.പി എന്നിവരുടെ ഫണ്ടും ഉപയോഗപ്പെടുത്തും.
   പുത്തുമലയില്‍ ആകെ 120 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കേണ്ടത്. ബാക്കിയുളളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നല്‍കും.   പുനരധിവാസവുമായി ബന്ധപ്പെട്ട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെയും നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. യോഗത്തില്‍ ആര്‍ക്കിടെക്റ്റ് വിനോദ് സിറിയക്ക് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് ഡയറക്ടരും മുന്‍ എം.എല്‍.എയുമായ എം.വി ശ്രേയാംസ് കുമാര്‍,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ എം.ജൗഹര്‍ എന്നിവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *