April 19, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ: ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക്

0
Img 20191212 Wa0299.jpg
കല്‍പ്പറ്റ: കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കിഫ്ബി ഫണ്ട് നല്‍കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയരക്ടര്‍ കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം  ഔദ്യോഗികമായി സ്റ്റോപ്പ് മെമ്മോ നല്‍കി.
ഇതോടെ റോഡ് നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കയാണ്. 
സ്‌റ്റോപ്പ് മെമ്മോ അടിയന്തരമായി നീക്കി റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണമെന്നും, അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് റോഡ് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും  ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ അറിയിച്ചു.
നിരവധി സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായാണ് നേരത്തെ പ്രവൃത്തി ആരംഭിച്ചത്. റോഡ് പ്രവൃത്തി തുടങ്ങിയ കാലം മുതല്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് മുമ്പോട്ട് പോയിരുന്നത്. വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസുകള്‍ വന്നതും ക്വാറി നിയന്ത്രണങ്ങള്‍ വഴി നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടുകളും ഇടക്കാലത്ത് കാലതാമസമുണ്ടാക്കിയിരുന്നു. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റികളും ഇടപെട്ട് കുറേയേറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനാല്‍ പ്രവൃത്തികള്‍ മുമ്പോട്ട് പോകുകയായിരുന്നു. കുറച്ച് പേര്‍ കേസുകള്‍ പിന്‍വലിച്ചെങ്കിലും നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. 
ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. കേടുപാടുകള്‍ പറ്റുന്നതും ടയറുകള്‍ പൊട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബസുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്നതും പതിവാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയിലാണ്.  റോഡ് നിര്‍മ്മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കിഫ്ബി ഉദ്യോഗിക വെബ്‌സെറ്റ് മുഖേന സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ കാരണം നിര്‍മ്മാണം താല്‍ക്കാലികമായി തുടരുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *