April 26, 2024

നാലുവരിപ്പാതക്കെതിരെ പ്രകൃതി സംരക്ഷണ സമിതി: വികസനമല്ല,വിനാശമാണ്: ഉപേക്ഷിക്കണം.

0
Img 20191212 Wa0275.jpg
ആയിരത്തിലധികം കച്ചവടക്കാരെയും നൂറുകണക്കിന് വീടുകളെയും തെരുവാധാരമാക്കിയും ചതുപ്പുനിലങ്ങളടക്കമുള്ള കൃഷിഭൂമികള്‍ നശിപ്പിച്ചും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്മരങ്ങള്‍ വെട്ടിമാറ്റിയും പരിസ്ഥിതി ദുര്‍ബലമേഖലകള്‍ ഉന്മൂലനം ചെയ്തും പ്രകൃതിസംതുലനത്തെ തകര്‍ത്തും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മട്ടനൂര്‍-മാനന്തവാടി നാലുവരിപ്പാത ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഈ പാത വയനാടിന്‍റെ വികസനത്തിനല്ല, വിനാശത്തിനാണ് ഇടവരുത്തുക എന്നതിനാല്‍ പദ്ധതിയുമായി  മുന്നോട്ടുപോകുന്നതിന് മുമ്പ് പരിസ്ഥിതി പ്രത്യാഘാതപഠനവും (ഇ.ഐ.എ) സാമൂഹ്യപ്രത്യാഘാതപഠനവും വിശ്വസനീയമായ ഏജന്‍സിയെക്കൊണ്ട് നടത്തിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. 
ഇന്ത്യയിലെ വന്‍കുത്തകകള്‍ക്കും കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ക്കും  മുതല്‍മുടക്കുള്ള കണ്ണൂര്‍ സ്വകാര്യവിമാനത്താവളത്തെ വളര്‍ത്താനുള്ള ഭ്രാന്തമായ ആവേശത്തില്‍ വയനാടിനെ കുട്ടിച്ചോറാക്കാന്‍ അനുവദിക്കരുത്.  ഹൈദരാബാദ് -ബാംഗളുരു നാലുവരിപ്പാത മൈസൂര്‍, ഗോണികുപ്പ, കുട്ട വഴി മാനന്തവാടിയുമായി ബന്ധിപ്പിച്ച് മട്ടന്നൂരിലേക്ക് ഇടനാഴി തുറക്കാനും മലബാറിലേക്കുള്ള ഏക റോഡായി മാറ്റാനുമുള്ള വിമാനത്താവള ലോബിയുടെ ദുരാഗ്രഹം സഫലമാകാന്‍ പോകുന്നില്ല. കൊടുകിലൂടെ കടന്നുപോകുന്ന പാതയെ ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് അവിടത്തെ കര്‍ഷകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.  രാത്രിയാത്രാനിരോധനം പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ സമരം ചെയ്തവര്‍ നാഷണല്‍ ഹൈവേ 766 പൂര്‍ണ്ണമായും അടച്ചുപൂട്ടാനുള്ള യജ്ഞത്തില്‍ വിമാനത്താവള ലോബി മുഴുകിയതിനെ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുന്നത് ദുരൂഹമാണ്.
മാനന്തവാടി എരുമത്തെരുവില്‍ നിന്നും ബോയ്സ് ടൗണ്‍ വരെയുള്ള പത്തരകിലോമീറ്റര്‍ ദൂരത്തില്‍ റോഡരികില്‍ 1200 മരങ്ങള്‍ വളരുന്നുണ്ട്.  ഇതിലേറെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍മരങ്ങളാണ്.  നാലുവരിപ്പാതക്കുവേണ്ടി ഭൂമിഏറ്റെടുക്കുമ്പോള്‍ വീടുകള്‍ക്കും കടകള്‍ക്കും പുറമെ പതിനായിരത്തിലേറെ മരങ്ങളും മുറിക്കേണ്ടിവരും. പരിസ്ഥിതിത്തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന വയനാടിന് ഇതുണ്ടാക്കുന്ന ആഘാതം താങ്ങാന്‍ പറ്റില്ല.
പാത കടന്നുപോകുന്ന പാല്‍ച്ചുരം അത്യന്തം ദുര്‍ബലമായതും ചെങ്കുത്തായതുമായ മലഞ്ചരിവുകളാണ്.  രണ്ടുകിലോമീറ്ററിലധികം റിസര്‍വ്വുവനവുമുണ്ട്.  കഴിഞ്ഞ പ്രളയകാലങ്ങളില്‍ മുപ്പതിലധികം ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.  ഇവിടെ ഒരിഞ്ചു വീതി കൂട്ടിയാല്‍ പോലും ഇനി പാത എന്നെന്നേക്കുമായി അപ്രത്യക്ഷമാകും. പേരിയ-കൊട്ടിയൂര്‍ ആനത്താര കീറിമുറിച്ചാണ് നിലവിലുള്ള റോഡ് കടന്നുപോകുന്നത്.
നാലുവരിപ്പാത വയനാടിനെയും മാനന്തവാടിയേയും വികസനക്കുതിപ്പിലേക്ക് നയിക്കുമെന്നത് സംഘടിതലോബിയുടെ വ്യാജപ്രചരണം മാത്രമാണ്.  കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്ര വയനാട്ടുകാര്‍ പ്രതിദിനം സഞ്ചരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വരുന്ന നൂറുവര്‍ഷത്തേക്ക് ഈ റോഡ് പര്യാപ്തമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്രനിലവാരത്തില്‍ മാനന്തവാടി-മട്ടന്നൂര്‍ റോഡ് ബലപ്പെടുത്തുകയാണ് വേണ്ടത്. 
വയനാടിന്‍റെ സാമൂഹ്യ-പരിസ്ഥിതി സംതുലനത്തെ ഗുരുതരമായ മുറിവേല്‍പ്പിക്കുന്ന തലതിരിഞ്ഞ ഈ റോഡുവികസനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് വയനാടിന്‍റെ സുസ്ഥിരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
പ്രകൃതിസംരക്ഷണ സമിതിയോഗത്തില്‍ എം.ഗംഗാധരന്‍ അദ്ധ്യക്ഷന്‍. തോമസ്സ് അമ്പലവയല്‍, തച്ചമ്പത്ത് രാമകൃഷ്ണന്‍,  എന്‍.ബാദുഷ, ബാബു മൈലമ്പാടി, അജി കൊളോണിയ, പി.എം.സുരേഷ്, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ, അബു പൂക്കോട്,  എ.വി. മനോജ്,  ശ്രീരാമന്‍ നൂല്‍പ്പുഴ,  എന്നിവര്‍ പ്രസംഗിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *