അപര്യാദയായി പെരുമാറിയെന്ന് അഡി.എസ്.ഐക്കെതിരെ യുവാവ് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കി


Ad
അപര്യാദയായി പെരുമാറിയെന്ന്

അഡി.എസ്.ഐക്കെതിരെ യുവാവ് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കി
കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ പരിശോധനക്കിടെ തന്റെ വാഹനം പരിശോധിച്ച കമ്പളക്കാട് അഡിഷണല്‍ എസ്.ഐ ആന്റണി തന്നോട് അപര്യാദയായി പെരുമാറിയെന്നും കേട്ടാലറക്കുന്ന ഭാഷയില്‍ തെറി പറഞ്ഞെന്നും കാണിച്ച് കമ്പളക്കാട് സ്വദേശി ഹാരിസ് അയ്യാട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഈ പൊലിസ് ഓഫിസറുടെ കുടുംബസ്വത്തായ നെല്‍വയലില്‍ മണ്ണടിച്ച് നികത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ഉന്നത പൊലിസ് മേധാവിക്കും താന്‍ നല്‍കിയ പരാതിക്കെതിരെ പ്രതികാരം തീര്‍ക്കുന്ന നടപടിയായിരുന്നു എസ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ കലക്ടര്‍ക്ക് പരാതി നല്‍കി പിറ്റേ ദിവസം തന്നെ തന്റെ നമ്പര്‍ ഇയാള്‍ക്ക് കലക്ടറേറ്റിന് നിന്ന് ചോര്‍ത്തി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ബൈക്കില്‍ പോകുകയായിരുന്ന തന്നെ വാഹന പരിശോധനക്കിടെ കൈകാട്ടുന്നത്. വണ്ടിയുമായി സ്‌റ്റേഷനിലേക്ക് എത്താന്‍ പറഞ്ഞ ഇയാള്‍ ഫോണ്‍ ബലം പ്രയോഗിച്ച് വാങ്ങിയിരുന്നു. ഇതിനിടെ ഫോണ്‍ റെക്കോര്‍ഡ് മോഡിലായതിനാലാണ് പൊലിസ് ഓഫിസര്‍ തന്നോട് മുന്‍പ് നല്‍കിയ പരാതിയുടെ പകപോക്കുകയാണെന്ന് വ്യക്തമായത്. ഫോണില്‍ റെക്കോര്‍ഡ് ആയ ശബ്ദത്തില്‍ ഇയാള്‍ മറ്റ് പൊലിസുകാരോട് തന്നെ ഏറ്റവും മോശമായ രീതിയിലാണ് അഭിസംബോധന ചെയ്യുന്നത്. ഒപ്പം താന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തി ലഭിച്ചതാണെന്നും പറയുന്നുണ്ട്. താന്‍ രഹസ്യമായി നല്‍കിയ പരാതിയില്‍ നിന്ന് ഫോണ്‍ നമ്പര്‍ ചോര്‍ത്തി നല്‍കിയ ആളെ കണ്ടെത്തി നടപടിയെടുക്കണമെന്നും പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കലക്ടര്‍ക്കും പൊലിസ് മേധാവിക്കും പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് ഹാരിസ് പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *