അധ്യയന വര്‍ഷാരംഭം; തദ്ദേശ സ്ഥാപനതലത്തില്‍ കര്‍മ്മപദ്ധതിയായി


Ad
അധ്യയന വര്‍ഷാരംഭം; തദ്ദേശ സ്ഥാപനതലത്തില്‍ കര്‍മ്മപദ്ധതിയായി

പുതിയ അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റേയും വിദ്യഭ്യാസ വകുപ്പിന്റേയും നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന മേധാവികളുടേയും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടേയും ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതി തയ്യാറാക്കി. ജൂണ്‍ 1 ന് ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകളിലും ഓണ്‍ലൈനായി പ്രവേശനോല്‍സവം സംഘടിപ്പിക്കും. പുതുതായി പ്രവേശനം നേടിയവരുള്‍പ്പെടെ കുട്ടികള്‍ വീടുകളില്‍ നിന്ന് ഓണ്‍ലൈനായി പ്രവേശനോത്സവത്തില്‍ പങ്കാളികളാവും. രാവിലെ 11 മണിക്കാണ് സ്‌ക്കൂള്‍തല പ്രവേശനോല്‍സവം വിദ്യാലയങ്ങളില്‍ ആരംഭിക്കുക. കൂടുതല്‍ കുട്ടികളുളള വിദ്യാലയങ്ങളില്‍ സ്‌ക്കൂള്‍തല പരിപാടിയുടെ തുടര്‍ച്ചയായി ക്ലാസ്സ്തല പരിപാടികളും സംഘടിപ്പിക്കും. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളും രക്ഷിതാക്കളും വെര്‍ച്വലായി ഒത്തുചേരും. കുട്ടികള്‍ സ്വാഗത ഗാനവും കലാപരിപാടികളുമൊരുക്കി പുതിയ കുട്ടികളെ വരവേല്‍ക്കും.ജനപ്രതിനിധികള്‍ ആശംസകളര്‍പ്പിക്കും.
പ്രവേശനോല്‍സവത്തിന്റെ ആസൂത്രണത്തിനാനായി മുഴുവന്‍ സക്കൂളുക ളിലും ഓണ്‍ലൈന്‍ എസ്.ആര്‍.ജി യോഗങ്ങള്‍ ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ നടത്തും. മുഴുവന്‍ കുട്ടികളുടേയും സ്‌ക്കൂള്‍ പ്രവേശനം ഉറപ്പു വരുത്തുവാന്‍ സമ്പൂര്‍ണ്ണ സ്‌ക്കൂള്‍ പ്രവേശന ക്യാംപെയിനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. മുഴുവന്‍ ഗോത്ര വിദ്യാര്‍ത്ഥികളും സ്‌ക്കൂള്‍ പ്രവേശനം നേടിയെന്നുറപ്പാക്കുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രവര്‍ത്തനം സംഘടിപ്പിക്കും. 
പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ക്ക് പുറമേ സ്‌ക്കൂള്‍തലത്തില്‍ അധ്യാപകര്‍ കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിന് പ്രാദേശിക ഇടപെടല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. ഓണ്‍ലൈന്‍ ക്ലാസ്സ് പ്രാപ്യതയില്ലാത്ത കുട്ടികളുടെ വിവരം ശേഖരിക്കുന്ന നടപടി വിദ്യഭ്യാസവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. പാഠപുസ്തകങ്ങള്‍ അറുപത് ശതമാനവും സ്‌ക്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്. 
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍, ഏ.കെ റഫീക്ക്, പി.എം ആസ്യ, സി.കെ ശിവരാമന്‍, ടി.കെ അബ്ബാസലി, പി.ജെ ബിനേഷ്, കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന ആധ്യക്ഷന്‍മാര്‍, വിവിധ ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *