April 25, 2024

ആരാേഗ്യ വിചാരം…. പൊതുജനാരോഗ്യ മേഖല

0
Img 20210622 Wa0030.jpg
ആരാേഗ്യ വിചാരം….
പൊതുജനാരോഗ്യ മേഖല
ഡാേ. സിന്ധു
സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്
ജെ എസ് എസ് മെഡിക്കൽ കോളേജ്, മെെസൂർ
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിലും, രോഗം തടയുന്നതിലും, രോഗങ്ങളും വൈകല്യങ്ങളും കൈകാര്യം ചെയ്യുന്നതിന് വ്യക്തികളെ ശാക്തീകരിക്കുന്നതിലും, പൊതുജനാരോഗ്യ മേഖല നിർണായക പങ്ക് വഹിക്കുന്നു. 
ശാസ്ത്രീയമായ ഓരോ കണ്ടെത്തലുകളും ബോധവൽക്കരണ കാമ്പെയ്‌നുകളും പുതിയ നയങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്നു.
ഏവരും ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള നൂതന മാറ്റങ്ങൾ ലക്ഷ്യമാക്കിയുള്ള  ഇത്തരം പ്രവർത്തനങ്ങൾ വിജയിക്കുന്നുവെന്നതും മനസ്സിലാക്കാം.
പൊതുജന ആരോഗ്യം എന്നത് വെറും ഒരു ശാസ്ത്ര ശാഖ മാത്രമല്ല. “രോഗം തടയുക, ആയുസ്സ് വർധിപ്പിക്കുക” എന്ന മുദ്രാവാക്യത്തിലൂടെ വ്യക്തികളുടെയും , സ്ഥാപനങ്ങളുടെയും,  സമൂഹത്തിന്റെ മറ്റു മേഖലയിലുള്ളവരുടെയും സമഗ്രമായ പിന്തുണയോടുകൂടിയുള്ള പരിശ്രമങ്ങളിലൂടെ ആരോഗ്യകരായ ജീവിത രീതികൾ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശാസ്ത്രവും കലയുമാണ്.
ഇന്ന് മനുഷ്യരുടെ ജീവന് ഏറ്റവുമധികം വെല്ലുവിളികളുയർത്തുന്ന രോഗാണുക്കളെ നേരിടുന്നതിൽ പൊതുജനാരോഗ്യ മേഖലയ്ക്കു ഒരു സുപ്രധാന പങ്കുണ്ട്. സാംക്രമിക രോഗങ്ങൾ, സാംക്രമികേതര രോഗങ്ങൾ, മാനസികരോഗങ്ങൾ, വീണ്ടും വീണ്ടും ആവർത്തിച്ചുവരുന്ന രോഗങ്ങൾ എന്നിവയ്‌ക്കെതിരെ അനസ്യുതം നിശ്ചയദാർഢ്യത്തോടെ  പോരാടുകയാണ്  നമ്മുടെ പൊതുജനാരോഗ്യ വിദഗ്ധർ.
രോഗ പ്രതിരോധമാണ് പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വം.
ആരോഗ്യപ്രശ്നങ്ങൾ എത്രയും വേഗം കണ്ടുപിടിക്കാൻ സഹായിക്കുകയും, രോഗത്തിൻ്റെ തീവ്രത കുറക്കാൻ  ഉതകുന്ന രീതിയിൽ പ്രതികരിക്കാനും പൊതുജനാരോഗ്യ മേഖല  അതി സൂക്ഷ്മതയോടെ പ്രവർത്തിക്കുന്നുണ്ട്.
വ്യക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ഉപരി സമൂഹത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യത്തെ  ഈ മേഖല പരിഗണിക്കുന്നു.
വിവിധയിനം വിദ്യാഭ്യാസ  പരിപാടികളിലൂടെയും, പ്രചാരണങ്ങളിലൂടെയും,  സർക്കാർ നയങ്ങളുടെ സ്വാധീനത്തോടുകൂടിയും പൊതുജനാരോഗ്യ മേഖല സമൂഹത്തെ ബോധവത്കരിക്കുന്നു.
ആളുകൾ തമ്മിലുള്ള അന്തരം അവസാനിപ്പിക്കാൻ  നിരന്തരം പരിശ്രമിക്കുകയും, സമൂഹത്തിൽ തുല്യ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  
ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷാ ഉറപ്പു വരുത്തുന്നതിന് ഊന്നൽ നൽകുന്നു.
ഇന്ന്, പൊതുജനാരോഗ്യ മേഖലയിൽ ലോകമെമ്പാടും അനവധി കോഴ്സുകൾ ലഭ്യമാണ്. മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമല്ല, ശാസ്ത്ര പശ്ചാത്തലമുള്ള ഏത് വിഷയത്തിലും ബിരുദം നേടിയവർക്ക് ഈ കോഴ്സുകൾ  തിരഞ്ഞെടുക്കാവുന്നതാണ്. 
പൊതുജനാരോഗ്യ മേഖല വൈവിധ്യമാർന്നതിനാൽ ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ ദേശീയ, സംസ്ഥാന, പ്രാദേശിക സ്വയംഭരണ തലത്തിൽ ഉയർന്നുവരുന്നുണ്ട്.
NGO, സ്വകാര്യ ആരോഗ്യ അധിഷ്ഠിത സംഘടനകൾ, ഇൻഷുറൻസ് കമ്പനികൾ,
ഗവേഷണ സ്ഥാപനങ്ങൾ, ദേശീയ, പ്രാദേശിക ആരോഗ്യ ഏജൻസികൾ എന്നിവിടങ്ങളിലും തൊഴിൽ സാധ്യത ഏറെയാണ്.
അതിനാൽ, ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മികച്ച ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുന്നതിനു വേണ്ടിയുള്ള ചലനാത്മകമായ  മേഖലയായി പൊതുജനാരോഗ്യ മേഖല പരിണമിച്ചിരിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *