ഫാ. സ്റ്റാൻ സ്വാമിയുടെ മരണം – കെ സി വൈ എം മാനന്തവാടി രൂപത പ്രതിഷേധ ദിനം ആചരിച്ചു
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം – കെ സി വൈ എം മാനന്തവാടി രൂപത പ്രതിഷേധ ദിനം ആചരിച്ചു
മാനന്തവാടി : ആദിവാസികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധ ദിനം ആചരിക്കുകയും രൂപതക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൊമ്മയാട് യൂണിറ്റിൽ വെച്ച് നടന്ന രൂപതാതല അനുശോചനയോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോസ് കപ്യാരുമലയിൽ അനുശോചന സന്ദേശം നൽകി. 84 വയസ്സുള്ള വന്ദ്യവയോധികനെ ഒന്നര വർഷം മുൻപ് കൃത്യമായ തെളിവുകൾ ഒന്നും തന്നെയില്ലാതെ യുഎപിഎ ചുമത്തി നവിമുംബൈയിലെ തലോജ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ജയിലിൽ കഴിയവേ പാർക്കിൻസൺസ് രോഗവും ഹെർണിയയും ബാധിച്ച അദ്ദേഹം ഗുരുതരാവസ്ഥയിൽ ആവുകയും അതേത്തുടർന്ന് ജാമ്യാപേക്ഷ നൽകുകയും ചെയ്തെങ്കിലും അനുവദിച്ചില്ല. ഒടുവിൽ കോവിഡ് ബാധിതനായ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഈ മനുഷ്യസ്നേഹി ക്കെതിരെ യാതൊരു തെളിവുമില്ലാതെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കുകയും രോഗാവസ്ഥയിൽ പോലും മതിയായ ചികിത്സ നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഭരണകൂടമാണ് ഈ മരണത്തിന് ഉത്തരവാദി എന്ന് ഫാ.ജോസ് കപ്യാരുമലയിൽ അഭിപ്രായപ്പെട്ടു. ഈ അനീതിക്കെതിരെ സമൂഹം ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡൻറ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ ആവശ്യപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ജിജിന കറുത്തേടം, സി. സാലി ,ഡെറിൻ കൊട്ടാരത്തിൽ, ജോജോ തോപ്പിൽ, നയന മുണ്ടയ്ക്കാതടത്തിൽ, ഐഡ പുതുശ്ശേരി ,ജിതിൻ പ്ലാച്ചേരിക്കുഴി എന്നിവർ അനുശോചനങ്ങൾ അറിയിച്ച് സംസാരിച്ചു. കൊമ്മയാട് യൂണിറ്റ് ആനിമേറ്റർ സി.ഷാലി , എന്നിവർ പങ്കെടുത്തു
Leave a Reply