പരിധിക്കുപുറത്താകുന്ന വിദ്യാഭ്യാസം


Ad
പരിധിക്കുപുറത്താകുന്ന വിദ്യാഭ്യാസം

വൈത്തിരി: കാെവിഡ് പ്രതിസന്ധയിൽ സ്കൂൾ പഠനം മുടങ്ങിയതിനെ തുടന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസ് ഒരു വർഷം പിന്നിട്ടിട്ടും സുഗന്ധഗിരിയിലെ പല ഭാഗത്തുമുള്ള കുട്ടികൾ ഇന്നും പരിധിക്ക് പുറത്താണ്. തുടക്കം മുതൽ ഓൺലൈൻ പഠനം അവതാളത്തിലാണ്. 
ക്ലാസ് തുടങ്ങി സമയം കുറേ ആയിട്ടും ഇന്റർനെറ്റ് കിട്ടാനായി കുന്നിറങ്ങിയും പാറകൾ കയറിയും മൊബൈലിന് റേഞ്ച് പിടിക്കാനുള്ള തിരക്കിലായിരുന്നു വിദ്യാർഥികളായ എയ്ഞ്ചൽ മരിയയും മെറിനും വാണിയും വൈഷ്ണവും. 
കുന്നിൻ മുകളിലും പാറകൾക്ക് മുകളിലും മരച്ചിലകളിലും കയറിയിറങ്ങി നെറ്റ്‌വർക്ക് തേടി കുട്ടികൾ മടുത്ത് തുടങ്ങി. ടി വിയില്‍ ക്ലാസുകള്‍ കാണുന്നതിനിടിയിലാവും വെെദ്യുതി പോകുന്നത്. പിന്നെ ഒരാഴ്ചത്തേക്ക് നോക്കണ്ട. പല ഭാഗങ്ങളിലും നെറ്റ്‌വര്‍ക് കിട്ടാത്തതും ഇന്റര്‍നെറ്റിന് വേഗതയില്ലാത്തതുമാണ് പ്രശ്നം. 
ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടികള്‍ക്ക് ഓരോ ദിവസവും പഠിപ്പിക്കുന്ന കാര്യങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നത്. വീട്ടില്‍ നിന്നിറങ്ങി മാവേലി, പ്ലാന്റേഷന്‍, ചെന്നായ് കവല തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിയാലെ അൽപമെങ്കിലും ഇന്റര്‍നെറ്റ് ലഭിക്കൂ. കുട്ടികളെ തനിയെ ദൂരേക്ക് വിടാൻ രക്ഷിതാക്കളും ഭയപ്പെടുന്നുണ്ട്. അന്നന്ന് കൂലിപണിക്ക് പോയാണ് ഓരോ വീട്ടിലും ജീവിതം തള്ളിനീക്കുന്നത്. അതിനിടയിൽ കുട്ടികളുടെ പഠനത്തിനായി മഴയത്തും വെയിലത്തും റേഞ്ച് തേടി അലയേണ്ട ഗതിയാണ്. അമ്പതേക്കർ രണ്ടാം യൂണിറ്റിലെ ഏറ്റവും മുകളിലെ ചെക്ക്ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന കിടപ്പ് രോഗിയായ അമ്മയടങ്ങുന്ന ഷെെലജയുടെ കുടുംബത്തിന് ഒരു പ്രശ്നമുണ്ടായാൽ പോലും ആരെയും വിളിക്കാൻ നെറ്റ് വർക്ക് കിട്ടാറില്ല. വീടിനപ്പുറമുള്ള പാറക്ക് മുകളിൽ കയറിയാൽ അല്പം റേഞ്ച് കിട്ടും. മഴയത്തും പഠനാവശ്യത്തിന് ഇവിടെ വന്ന് നിൽക്കേണ്ട ഗതിയാണ്. ജില്ലയിൽ മറ്റെവിടത്തേക്കാളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനകാര്യത്തില്‍ ഏറെ പിന്നിലാണ് സുഗന്ധഗിരി. മഴക്കാലങ്ങളില്‍ സുഗന്ധഗിരിയിലെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാകും. 
സുഗന്ധഗിരിയിലെ ഉൾപ്രദേശങ്ങൾ കൂടാതെ പ്ലാന്റേഷൻ, അംബ, കൂപ്പ് ഭാഗങ്ങളിലും ഓൺലൈൻ പഠനം പരുങ്ങലിലാണ്. വിദ്യാർഥികൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നൽകാൻ അധ്യാപകർ തയ്യാറാണെങ്കിലും നെറ്റ്‌വർക്ക് തടസമാണ്. പ്രഫഷണൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർഥികൾ പ്രദേശങ്ങളിലുണ്ട്.
നിലവിൽ പൊഴുതനയിൽ നിന്നുള്ള ബി എസ് എൻ എൽ ടവർ മാത്രമാണ് ഏക ആശ്രയം. സുഗന്ധഗിരിയിലെ ഉൾപ്രദേശങ്ങളിലും മറ്റിടങ്ങളിലും ടവർ ഇല്ലാത്തതിനാൽ മുൻ എസ് പിയുടെ ഇടപെടൽ പ്രകാരം പ്രദേശത്ത് ടവർ സ്ഥാപിക്കാൻ ബി എസ് എൻ എൽ രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീടത് ഉപേക്ഷിച്ചു. കാലവർഷം കനത്താൽ വെെദ്യുതി തടസപ്പെടുന്നത് പതിവാണ്. നാട്ടുകാർ നിരവധി തവണ പരാതിയുമായി രംഗത്തെത്തിയിട്ടും ടവർ സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായില്ല. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *