നഷ്ടപ്പെട്ട 17 വർഷങ്ങൾ, കാത്തിരിപ്പിനൊടുവിൽ അവളെത്തി


Ad
നഷ്ടപ്പെട്ട 17 വർഷങ്ങൾ, കാത്തിരിപ്പിനൊടുവിൽ അവളെത്തി  
പനമരം :വാഹനത്തിൽ നിന്നിറങ്ങി മഴച്ചാറ്റലിലൂടെ അടുത്തേക്കു നടന്നു വന്ന പെൺകുട്ടിയെ കണ്ടപ്പോൾ കാളിയുടെ അമ്മമനസ്സ് തുടിച്ചു. താൻ പ്രസവിച്ച് 6 വയസ്സുവരെ വളർത്തിയ മകളാണ് വരുന്നത്. 17 വർഷങ്ങൾക്കു ശേഷം. കാളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
നീർവാരം അമ്മാനി പുലയൻമൂല കോളനിയിലെ കാളിയുടെ 3 മക്കളിൽ 6 വയസ്സുകാരി പ്രിയയുമായി 17 വർഷം മുൻപ് ഭർത്താവായ പി.കെ. സുരേഷ് നാടുവിട്ടുപോയിരുന്നു മകളും ഭർത്താവും എങ്ങോട്ടു പോയെന്നറിയാതെ കാളി രാവും പകലും അലഞ്ഞു നടന്നു. 
സുരേഷ് കുട്ടിയെ വണ്ടൂരിലെ ബാലസദനത്തിലാക്കി മുങ്ങി. ബാലസദനത്തിൽനിന്നു പഠിച്ച പ്രിയ അടുത്തിടെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറി. ഇതിനിടെ യാദൃച്ഛികമായി വണ്ടൂർ മുൻ പഞ്ചായത്തംഗവും ആശാവർക്കറുമായ വി. രജനിയെ കണ്ടുമുട്ടിയപ്പോൾ ജീവിതകഥ വിവരിച്ചു. അമ്മയും സഹോദരങ്ങളും പനമരത്ത് എവിടെയോ വനാതിർത്തിയിലാണെന്നും അറിയിച്ചു. 
ബന്ധുവും താളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഇ.പി. വിനോദിനോട് ഇക്കാര്യം പറഞ്ഞ രജനി, പ്രിയയുടെ അമ്മയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. വിനോദ് അഞ്ചുകുന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായ രാഹുൽ രാജിനോടും പനമരം പഞ്ചായത്തംഗമായ വി.സി അജിത്തിനോടും  ഈ വിവരങ്ങളെല്ലാം പറഞ്ഞു. 
പനമരം പഞ്ചായത്തംഗങ്ങളായ കാഞ്ഞിരത്തിങ്കൽ ഷിബു, കല്യാണി എന്നിവരുടെ സഹായത്തോടെ പ്രിയയുടെ വീടും വീട്ടുകാരെയും കണ്ടെത്തി. തുടർന്നാണു പ്രിയയും മറ്റും 13ന് വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടത്. തുടർപഠനത്തിനായി പ്രിയ വണ്ടൂരിലേക്ക് തന്നെ മടങ്ങി. പി.ജി സംസ്കൃതം അവസാന വർഷ വിദ്യാർഥിയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *