April 19, 2024

പാളക്കൊല്ലി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രുക്ഷം

0
Ginger.jpg
പാളക്കൊല്ലി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രുക്ഷം

പുല്‍പ്പള്ളി: പാളക്കൊല്ലി പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ചേകാടി വനത്തില്‍ നിന്ന് ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ പലയിടങ്ങളിലും വ്യാപക കൃഷി നാശമാണ് ഉണ്ടാക്കിയത്. ചാലക്കല്‍ ഷെല്‍ജന്റെ ഇഞ്ചി തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി വ്യാപകമായി നശിപ്പിച്ചു. ഇതിന് പുറമെ ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പുകളും ചവിട്ടി നശിപ്പിച്ചു. നിരവധി കര്‍ഷകരുടെ വാഴ, കപ്പ, ചേന, തെങ്ങ്, കവുങ്ങ്, തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ മേഖലയില്‍ ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. ഉദയക്കര ഭാഗത്ത് വനാതിര്‍ത്തിയിലെ തകര്‍ന്ന ഗേറ്റ് നന്നാക്കാത്തതാണ് ആനകള്‍ കൃഷിയിടത്തിലേക്കിറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. പ്രദേശത്തെ വനാതിര്‍ത്തിയിലെ ട്രഞ്ച് തകര്‍ന്ന് കിടക്കുന്നതും ഫെന്‍സിംഗ് പലപ്പോഴും പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് ആനശല്യം വര്‍ധിക്കാന്‍ കാരണം. കുറഞ്ഞ അളവില്‍ മാത്രമേ ഫെന്‍സിംഗിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. വൈകുന്നേരങ്ങളില്‍ ചേകാടി വനാതിര്‍ത്തിയില്‍ നിന്നും ട്രഞ്ചും ഫെന്‍സിങ്ങും മറികടന്ന് ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ തുടങ്ങയതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കര്‍ഷകര്‍ വര്‍ഷങ്ങളായി നട്ട് പരിപാലിച്ച കാര്‍ഷിക വിളകളാണ് ഓരോ ദിവസവും നശിപ്പിക്കുന്നത്. പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വനം വകുപ്പ് ഓഫീസിന് മുന്‍പില്‍ സമര നടപടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ കര്‍ഷകര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *