April 24, 2024

വെള്ളപ്പന്‍കണ്ടി പുനരധിവാസ പദ്ധതി; 10 വീടുകളുടെ പണിപൂര്‍ത്തിയായി, 109 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്

0
Img 20210725 Wa0019.jpg
വെള്ളപ്പന്‍കണ്ടി പുനരധിവാസ പദ്ധതി;

10 വീടുകളുടെ പണിപൂര്‍ത്തിയായി,
109 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്
കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വെള്ളപ്പന്‍കണ്ടി പുനരധിവാസ പദ്ധതി പ്രകാരം 10 വീടുകളുടെ പണി പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 14 വീടുകളുടെ പണി ഉടനെ തുടങ്ങും. പദ്ധതിയിലുള്‍പ്പെടുത്തി ഘട്ടംഘട്ടമായി 109 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള വനമേഖലയിലെ വെള്ളപ്പന്‍കണ്ടി പ്രദേശത്താണ് പുനരധിവാസം നടപ്പാക്കുന്നത്. മേപ്പാടിയില്‍ നിന്നും ഏകദേശം 18 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശമാണിത്. ഒരു ഏക്കര്‍ ഭൂമി വീതമാണ് ഓരോ കുടുംബത്തിനും പതിച്ച് നല്‍കിയത്. പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുന്നതോടെ 109 കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയും വീടും സ്വന്തമാക്കാനാവും. നൂല്‍പ്പുഴ, തിരുനെല്ലി പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് താമസക്കാരെറേയും. കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവയുടെ നിര്‍മാണത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദിവാസി പുനരധിവാസ മിഷന്‍ (ടി ആര്‍ ഡി എം) പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടുകളുടെ പണി നടത്തിയത്. 550 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള ഒരു വീടിന് ആറ് ലക്ഷം രൂപയാണ് പദ്ധതി മുഖേന വകയിരുത്തിയത്. രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ഹാള്‍, ബാത്ത്‌റൂം, വര്‍ക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. നിലവും ബാത്ത് റൂമുകളും ടൈല്‍ പതിച്ച് സൗകര്യപ്പെടുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് വീടുകളുടെ നിര്‍മാണ ചുമതലയുള്ളത്. കുടിവെള്ളത്തിനായി വറ്റാത്ത നീരുറവയുള്ള പ്രകൃതിയൊരുക്കിയ കുളമാണിപ്പോള്‍ ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്.  
10 വീടുകളിലായി 37 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. 26 മുതിര്‍ന്നവരും 11 കുട്ടികളും. കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിനായി അഡ്വ ടി സിദ്ദിഖ് എം എല്‍ എ മുന്‍കയ്യെടുത്ത് വിദ്യാഭ്യാസ പഠന കേന്ദ്രം കോളനിയില്‍ സ്ഥാപിച്ചത് കുട്ടികള്‍ക്കേറെ ആശ്വാസമായിട്ടുണ്ട്. പഠന കേന്ദ്രത്തില്‍ സോളാര്‍ സംവിധാനവും ടി വിയും അനുബന്ധ ഉപരണങ്ങളും സജ്ജമാക്കിയി. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി പ്രോത്സാഹിപ്പാക്കാനും സഹായിക്കാനുമായി ഹരിത രശ്മി പദ്ധതിയും നടപ്പാക്കി വരുന്നു. പദ്ധതി മുഖേന വിത്ത്, വളം, തൈകള്‍, മറ്റിതര സഹായങ്ങളും സൗജന്യമായി ഉറപ്പാക്കി വരുന്നു. വൈദ്യുതീകരണം നടപ്പാക്കുന്നതോടൊപ്പം സോളാര്‍ സംവിധാനവും ലഭ്യമാക്കും. അതിനായി അനര്‍ട്ട് സംഘം ഉടനെ കോളനി സന്ദര്‍ശിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *