March 28, 2024

മുട്ടിൽ മലയിലെ മാണ്ടാട് ക്വാറിക്ക് അനുമതി നൽകരുത്; പ്രകൃതി സംരക്ഷണ സമിതി

0
Ed34d111 82a6 42b1 B440 08c0930bcbb2.jpg
മുട്ടിൽ മലയിലെ മാണ്ടാട് ക്വാറിക്ക് അനുമതി നൽകരുത്; പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധരും നിരവധി പഠനങ്ങളും മുന്നറിയിപ്പു നൽകിയതും ദുരന്തസാധ്യത ഉള്ളതുമായ മുട്ടിൽ മലയുടെ ചെങ്കുത്തായ ചെരിവിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ക്വാറിക്ക് അനുമതി നൽകരുതെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് മുൻപ് പ്രവർത്തിച്ചിരുന്ന ക്വാറി അന്നത്തെ ജില്ലാ കലക്ടർ അടച്ചുപൂട്ടിയതാണ്. വയനാട്ടിലെ മഴയുടെ വിതരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും കാറ്റ് അടക്കമുള്ള കാലവസ്ഥാ ഘടകങ്ങളെ നിയന്ത്രിക്കുന്നതും, കൽപ്പറ്റ മുൻസിപാലിറ്റിയുടെയും മേപ്പാടി – മുട്ടിൽ ഗ്രാമപഞ്ചായത്തുകളുടെയും കുടിവെള്ളം, കൃഷി എന്നിവയെ നിലനിർത്തുന്നതുമായ മലനിരകൾക്കാണ് ക്വാറി ഭീഷണിയാകുന്നത്. കാരാപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശവും, കബിനി നദിയിലേക്കുള്ള കൈത്തോടുകളുടെ പ്രഭവകേന്ദ്രവും കൂടിയാണീ മലനിരകളിലെ നിത്യ ഹരിതവനങ്ങൾ.
 പ്രദേശത്ത് 2018 ലും 2019 ലും ഉരുൾ പൊട്ടലുകൾ ഉണ്ടാകുകയും ഒരു കുടുംബത്തിലെ രണ്ട് പേർ മരണപ്പെടുകയും ചെയ്തിരുന്നു. 2018 ലും പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിട്ടിയെ ക്വാറി ഉടമകൾ സമീപിച്ചിരുന്നു. ആ വർഷം ക്വാറിയുടെ മുകൾ ഭാഗത്ത് ഉരുൾപ്പെട്ടലുണ്ടായി. ഇതിനെ തുടർന്ന് നാട്ടുകാർ അധികാരികൾക്ക് പരാതി നൽകുകയും, പോലീസിന്റെ പരിശോധനയിൽ ഈ പ്രദേശത്ത് ക്വാറി പ്രവർത്തനം തുടർന്നാൽ ഉരുൾപ്പെട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും, സമീപവാസികൾക്ക് ഭീഷണിയായിരിക്കും എന്നും ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
2018-ൽ അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുട്ടിൽ മലയെ കുറിച്ച് പഠിക്കുകയും B3 – 3488/17 നമ്പർ കത്ത് പ്രകാരം പ്രദേശത്ത് ക്വാറി ആരംഭിക്കുന്നത് ഗുരുതര പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് അറിയിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുകയും കലക്ടർ പ്രസ്തുത റിപ്പോർട്ട് സംസ്ഥാന-ജില്ലാ പരിസ്ഥിതി ആഘാത നിർണയ സമിതികൾക്ക് സമർപ്പിച്ചിട്ടുള്ളതും ആണ്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇട വെക്കുന്ന മുട്ടിൽ മലയിൽ കൃഷ്ണഗിരി സ്റ്റോൺ ക്രഷറിനോ മറ്റ് സ്ഥാപന ങ്ങൾക്കോ, വ്യക്തികൾക്കോ ക്വാറി ആരംഭിക്കുന്നതിന് അനുമതി നൽകരുതെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമിതി യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എം ഗംഗാധരൻ, സണ്ണി മരക്കാവ്, എൻ ബാദുഷ , ഗോകുൽദാസ്, എ വി മനോജ്, ജസ്റ്റിൻ വാഴവറ്റ, പി എം സുരേഷ്, രാമകൃഷ്ണൻ തയമ്പത്ത് എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *