April 25, 2024

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വയനാട്ടില്‍ അത്യാധുനിക മൃഗാശുപത്രി തുടങ്ങുന്നു

0
Img 20210803 Wa0017.jpg
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല 

വയനാട്ടില്‍ അത്യാധുനിക മൃഗാശുപത്രി തുടങ്ങുന്നു
കല്‍പ്പറ്റ: കേരള വൈറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വയനാട്ടില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി തുടങ്ങുന്നു. സര്‍വകലാശാല ഭരണസമിതിയും മാനേജ്‌മെന്റ് കൗണ്‍സിലും കഴിഞ്ഞ ദിവസം അംഗീകരിച്ച ബജറ്റിലാണ് ഇതുസംബന്ധിച്ച വിവരം. 192.91 കോടി രൂപ വരവും 253.55 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് കമ്മി ബജറ്റ്. 
ജില്ലയിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ക്കു എളുപ്പം എത്തിപ്പെടാവുന്നവിധം മധ്യവയനാട്ടിലായിരിക്കും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി. സ്ഥാപനത്തിന്റെ വികസനത്തിനു നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന വികസന നിധിയില്‍ ഉള്‍പ്പെടുത്തുന്നതിനു 50.26 കോടി രൂപ ചെലവുവരുന്ന പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 
എഡ്യുക്കേഷന്‍ ആന്‍ഡ് അഡ്വക്കസി റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ യു.എന്‍.ഡി.പി സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രീന്‍ റിക്കവറി പാത്ത്‌വേ ഫോര്‍ ഇന്ത്യ-ട്രാന്‍സിഷനിംഗ് ടുവേഡ്‌സ് ഗ്രീന്‍ ആന്‍ഡ് റസില്ലിയന്റ് കോവിഡ്-19 റിക്കവറിയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റൊരു പ്രധാന പദ്ധതി.  
മൃഗങ്ങളില്‍നിന്നു ഉത്പാദിപ്പിക്കുന്ന ആഹാരപദാര്‍ഥങ്ങളിലെ കീടനാശിനി, ആന്റിബയോട്ടിക് എന്നിവയുടെ അവശിഷ്ടത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനു ബജറ്റില്‍ 1,263 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഠന-പരിശീലന കേന്ദ്രവും ലാബോറട്ടറിയും നിര്‍മിക്കുന്നതിനു തുക വിനിയോഗിക്കും. 
താറാവുകളിലെ റൈമറല്ലോസിസ് രോഗ പ്രതിരോധത്തിനു വികസിപ്പിച്ച വാക്‌സിന്റെ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കൈമാറും. ഈ വിഷയത്തില്‍ അനുബന്ധ ഗവേഷണത്തിനുള്ള സഹായധനത്തിനു നബാര്‍ഡിനു അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയില്‍ നിലവിലുള്ള ആധുനിക അറവുശാലയുടെ ഐ.എസ്.ഒ 22,000 സര്‍ട്ടിഫിക്കേഷന്‍ ഈ വര്‍ഷം നേടുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തും. ഗ്ലോബര്‍ ഫാം പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെട്ട തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ഇന്‍സ്ട്രുമെന്റഡ് ഫാം പ്ലാറ്റ്‌ഫോം ഉപകരങ്ങള്‍ ഉപയോഗിച്ചു സുസ്ഥിര കന്നുകാലി വളര്‍ത്തല്‍ വിലയിരുന്നതിനു സംവിധാനം വികസിപ്പിക്കും. അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളുമായുള്ള സര്‍വകലാശാലയുടെ ബന്ധം വിപുലമാക്കും. ഇതു മൃഗസംരക്ഷണ മേഖലയുടെ ശക്തീകരണത്തിനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തുന്നതില്‍ ഗവേഷകരെ സഹായിക്കുമെന്നു ബജറ്റില്‍ വിശദീകരിക്കുന്നു.  
പൂക്കോട് വെറ്ററിനറി കോളേജില്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആര്‍.ടി.പി.സി.ആര്‍ ലാബ് സജ്ജീകരിച്ചതും മണ്ണുത്തി കാമ്പസില്‍ അക്കാദമിക് സ്റ്റാഫ് കോളേജ് കെട്ടിടം, ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍, മീറ്റ് ടെക്‌നോളജി യൂനിറ്റ് എന്നിവ ഉദ്ഘാടനം ചെയ്തതും കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങളായാണ് സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നത്. പൂക്കോട് കാമ്പസിലുള്ള വന്യജീവി പഠന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന പശ്ചിമഘട്ട മേഖല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനമാണ് മറ്റൊരു മുഖ്യനേട്ടം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *