നിലമ്പൂർ വനത്തിൽ ആനത്താരയൊരുക്കാൻ പദ്ധതി സമർപ്പിച്ചു


Ad
നിലമ്പൂർ: കാട്ടാനകൾ നാട്ടിലിറങ്ങി വിളകൾ നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും തടയാൻ നിലമ്പൂരിൽ ആനത്താര വരുന്നു. കാട്ടാനകളുടെ സ്വൈരവിഹാരത്തിന് കളമൊരുക്കുകയാണ്‌ ഇതുവഴി വനംവകുപ്പ് ചെയ്യുന്നത്‌. ആനത്താര നിർമിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌.
സംസ്ഥാനത്താകെ ഏഴ് ആനത്താരകൾ പദ്ധതി നിർദേശ പ്രകാരം നിർമിക്കും. നിലമ്പൂരിൽ നോർത്ത്, സൗത്ത് ഡിവിഷനുകളിലെ നിലമ്പൂർ ആയിരംവല്ലിക്കാവ്,- –ന്യൂ അമരമ്പലം-, അപ്പൻ കാപ്പ് -എന്നിവിടങ്ങളിലാണ് നിർദിഷ്ട ആനത്താരകൾ വരുന്നത്.
വനമേഖലയേയും മൃഗസംരക്ഷണ കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും വിധമാണ് ആനത്താര നിർമിക്കുക. കുറഞ്ഞത് ഒരുകിലോമീറ്റർ വീതിയിൽ ഇടനാഴി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇടനാഴിയുടെ വശങ്ങളിൽ പ്രകൃതിദത്ത ഭിത്തിയും നിർമിക്കും. വനത്തിനുള്ളിലെ സ്വകാര്യഭൂമി ഏറ്റെടുത്തും സെറ്റിൽമെന്റുകളിലെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചും നടപ്പാക്കുന്ന പദ്ധതി പ്രാവർത്തികമായാൽ ആനകൾക്ക് പശ്ചിമഘട്ടത്തിൽ തെക്കു വടക്ക് സഞ്ചാരത്തിന് സൗകര്യമൊരുങ്ങും. സംസ്ഥാനത്താകെ 350 ഹെക്ടർ സ്വകാര്യഭൂമി ആനത്താരകൾക്ക് മാത്രമായി ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വനംവകുപ്പ് കരുതുന്നത്.
എസ്റ്റേറ്റുകൾ, ആദിവാസി കുടികൾ തുടങ്ങിയവ നഷ്‌ടപരിഹാരം നൽകി ഒഴിപ്പിച്ചെടുക്കേണ്ടിവരും. 100 മുതൽ 120 കോടി രൂപവരെ ചെലവ്‌ വന്നേക്കും. കുറഞ്ഞ ചെലവ് പ്രതീക്ഷിക്കുന്ന ഇടമേഖലകളിലും സ്ഥലം ഏറ്റെടുക്കലോ ഒഴിപ്പിക്കലോ വേണ്ടിവരില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. 
മലയോര മേഖലയിൽ ആനത്താര വരുന്നതോടെ വന്യമൃ​ഗങ്ങൾ വനമേഖലയിൽനിന്ന് നാട്ടിലിറങ്ങുന്നത് ഒഴിവാക്കാനാകുമെന്നും മനുഷ്യ മൃ​ഗ സംഘർഷം പരമാവധി കുറയ്‌ക്കാനാകുമെന്നുമാണ് വനംവകുപ്പിന്റെ പ്രതീക്ഷ.  
വൈൽഡ് ലൈഫ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് നിലമ്പൂരും ആനത്താര പദ്ധതിയിൽ ഇടംനേടിയത്. നിലമ്പൂരിനെക്കൂടാതെ ബേ​ഗൂർ ബ്രഹ്‌മ​ഗിരി, പക്രന്തളം, തിരുനെല്ലി – കുദ്രക്കോട്ട് (വയനാട് വന്യജീവി സങ്കേതം), കൊട്ടിയൂർ-പെരിയ (കണ്ണൂർ വന്യജീവി സങ്കേതം) എന്നിവിടങ്ങളിലും ആനത്താര നിലവിൽ വരും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *