March 29, 2024

കൽപ്പറ്റ: ദേശീയപാത 766 അടച്ചുപൂട്ടാനുള്ള നീക്കം സി.പി.എം ബി.ജെ.പി ഒത്തുകളിയുടെ ഭാഗമെന്ന് മുസ്ലിം ലീഗ്

0
Img 20210909 Wa0021.jpg
കല്‍പ്പറ്റ: കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766ല്‍ രാത്രിയാത്രാ നിരോധനം നിലനില്‍ക്കുന്ന ദൂരത്തില്‍ റോഡ് അടച്ചുപൂട്ടാനുള്ള നീക്കം വയനാടന്‍ ജനതയോടുള്ള പിണറായി സര്‍ക്കാരിന്റെ വഞ്ചനയാണെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇതിന് ബി.ജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരുമായി ഒത്തുകളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ക്ക് അനുകൂലമായ നിലുപാട് സ്വീകരിക്കാനോ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താനോ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. 2009ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ കാലത്ത് അടച്ചുപൂട്ടിയ റോഡ് തുറക്കുന്നതിന് ചെറുവിരലനക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
2009ല്‍ യാത്രാനിരോധനവുമായി കര്‍ണാടക ഹൈക്കോടതിയില്‍ കേസെത്തിയത് മുതല്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത് വയനാടിനെ അപമാനിക്കുന്ന നിലപാടുകളായിരുന്നു. വി.എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുസര്‍ക്കാര്‍ ബദല്‍റോഡെന്ന വാദം കോടതിയില്‍ അംഗീകരിക്കുകയണ് ചെയ്തത്. ബദല്‍റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്ന് മാത്രമായിരുന്നു അന്ന് കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്. 2018 ജനുവരിയില്‍ കേസ് സുപ്രീംകോടതിയിലെത്തി. ദേശീയ പാത 766 അടച്ചുപൂട്ടണമെന്നുള്ള നിഗമനങ്ങള്‍ക്ക് സുപ്രീംകോടതി എത്താന്‍ സഹായകമാവും വിധം കോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ കുട്ട-ഗോണിക്കുപ്പ റോഡ് ബദല്‍റോഡായി അംഗീകരിച്ച റിപ്പോര്‍ട്ട് നല്‍കിയതും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഇടതുസര്‍ക്കാരായിരുന്നു. യാത്രാനിരോധനത്തിന് പകരമായി ബദല്‍റോഡ് നാലുവരിപ്പാതയാക്കണമെന്നും തലശ്ശേരി മൈസുരു റെയില്‍പാതക്ക് അനുമതി നല്‍കണമെന്നുമായിരുന്നു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍ റിപ്പോര്‍ട്ട് നല്‍കിയത്. യാത്രാനിരോധനം 6 മണി മുതല്‍ 6 വരെയാക്കണമെന്നായിരുന്ന പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിലപാട്. ഈ നിലപാടുകളാണ് ഫലത്തില്‍ യാത്രാവിലക്ക് കേസില്‍ വയനാടിന് ഏറെ പ്രതീകൂലമായത്. വിമര്‍ശനങ്ങളെത്തുടര്‍ന്ന് തിരുത്തല്‍ കത്ത് നല്‍കിയെങ്കിലും മുന്‍നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുമില്ല. ഇതോടെ നേരത്തേയുള്ള നിലപാട് കര്‍ണാടക സര്‍ക്കാര്‍ കടുപ്പിക്കുകയും ചെയ്തു.
അതേസമയം സുപ്രീംകോടതിയില്‍ അനുകൂലനിലപാടുണ്ടാക്കാന്‍ നാളിതുവരെയായി ഒരു നടപടിയും സ്വീകരിക്കാന്‍ പിണറായി തയ്യാറായുമില്ല. ഈ വിഷയവുമായി നാല് തവണയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. 2019ല്‍ വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ ബദല്‍റോഡിനെതിരെ ബത്തേരിയില്‍ നടന്ന സമരം ഒത്തുതീര്‍പ്പാക്കുന്ന വേളയില്‍ രണ്ട് ഇടതു മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചിട്ടുമില്ല. കണ്ണൂര്‍ ലോബിക്ക് താല്‍പര്യമുള്ള പുതിയ പ്രൊപ്പോസല്‍ നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പഫഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, പി ഇബ്രാഹിം മാസ്റ്റര്‍, ടി. മുഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍, കെ. നൂറുദ്ദീന്‍, റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സലിം മേമന സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *