ജീവനക്കാരിയെ ആത്മഹത്യയിലേക്ക് നയിച്ചത് സർക്കാരിൻ്റെ വികലനയം: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: കാസർഗോഡ് ജില്ലയിലെ വെസ്റ്റ്എളേരി പഞ്ചായത്തിലെ സീനിയർ ക്ലർക്കായ ഷിനിത ആത്മഹത്യ ചെയ്തത് സർക്കാരിൻ്റെ വികലമായ നയം മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായി വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വികേന്ദ്രീകൃതാവിഷ്ക്കരണം വന്നതോടെ ജോലി ഭാരം വർദ്ധിച്ച പഞ്ചാത്തുകളിൽ അതിനനുസരിച്ച് തസ്തികകൾ വർദ്ധിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മൂവായിരം അധിക തസ്തികകൾ സൃഷ്ടിച്ച് അനുകൂല നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ തുടർന്ന് വന്ന ഇടത് സർക്കാർ ജീവനക്കാരെ മറ്റു വകുപ്പകളിൽ നിന്നും പുനർവിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.
ഏറ്റവും ഒടുവിലായി വാതിൽപടി സേവനങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളുടെ കൈയടി നേടാൻ ശ്രമിക്കുന്ന സർക്കാർ അതിൻ്റെ ഫണ്ട് ഉൾപ്പെടെ ശേഖരിക്കുവാനുള്ള ഉത്തരവാദിത്വം ജീവനക്കാരുടെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. പ്രളയം, കോവിഡ് എന്നിവ കൂടി വന്നതോടെ ജോലി ഭാരം കൊണ്ട് വലയുകയാണ് ജീവനക്കാർ. ഇതൊന്നും കണക്കിലെടുക്കാതെ ജീവനക്കാരെ മാനസിക സമ്മർദ്ദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണ് സർക്കാർ.
ജീവനക്കാരെ പൊതു സമൂഹത്തിൽ ശത്രുക്കളാക്കി ചിത്രീകരിക്കുന്ന വികലമായ നയം തിരുത്താൻ സർക്കാർ തയാറാകണമെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു മുഖ്യ പ്രഭാഷണം നടത്തി. ടി. അജിത്ത്കുമാർ, റോബിൻസൺ ദേവസ്സി, ബിജു ജോസഫ്, ശരത് ശശിധരൻ, റജീസ് കെ തോമസ്, ശ്രീജിത്ത്കുമാർ, പ്രതീപ കെ .പി, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു
Leave a Reply