വയനാട് പാക്കേജ്; സമീപന രേഖ ഒക്‌ടോബര്‍ 15 നകം സമര്‍പ്പിക്കും


Ad
കൽപ്പറ്റ: വയനാട് പാക്കേജുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍  ജില്ലയുടെ ചുമതലയുളള മന്ത്രി എ.കെ ശശീന്ദ്രന്‍ എം.എല്‍.എമാര്‍, എം.പിമാര്‍, വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി.  എം.വി ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ ജില്ലയുടെ അടിസ്ഥാന വിഷയങ്ങളും ഉള്‍പ്പെടുത്തേണ്ട മേഖലകളെ സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങളും മന്ത്രിയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു. തദ്ദേശ സ്ഥാപനതലത്തിലും വകുപ്പു തലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളില്‍ നിന്നും ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങളുടെ  അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ സമീപന രേഖ ഒക്‌ടോബര്‍ 15 നകം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പദ്ധതികള്‍ ജില്ലക്ക് അനുയോജ്യവും പരിസ്ഥിതി സൗഹൃദവും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
വയനാട് പാക്കേജ് ഏറെ പ്രതീക്ഷയോടെയാണ് ജില്ലയിലെ ജനങ്ങള്‍ കാണുന്നതെന്ന് ജനപ്രതിനിധികള്‍ വ്യക്തമാക്കി. പാക്കേജില്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് അനുഭവവേധ്യമാകണം. ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമുണ്ടാക്കുന്ന വിധത്തില്‍  സമീപന രേഖ തയ്യാറാക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. കൃഷിക്കാരുടെയും ക്ഷീരകര്‍ഷ കരുടെയും വരുമാനം ഉയര്‍ത്തുന്നതിനുളള പദ്ധതികള്‍, വിളകള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുളള പദ്ധതികള്‍, ഫുഡ് പാര്‍ക്കുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍, കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കല്‍, സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, വില്ലേജ്- ഫാം ടൂറിസം,  മനുഷ്യ- വന്യ ജീവി സംഘര്‍ഷം ഒഴിവാക്കല്‍, മാതൃക ആദിവാസി കോളനി സ്ഥാപിക്കല്‍, തൊഴില്‍ വികസനം, സ്‌പോര്‍ട്‌സ്, സര്‍ക്യൂട്ട് ടൂറിസം, ജലസേചനം, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സബ് സെന്ററുകളും ആരംഭിക്കല്‍, ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ വിഷങ്ങളില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുളള നിര്‍ദ്ദേശങ്ങള്‍  ജനപ്രതിനിധികള്‍ അവതരിപ്പിച്ചു. 
കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ വയനാട് പാക്കേജ് വര്‍ക്കിംഗ് ഗ്രൂപ് ചെയര്‍ പേഴ്‌സണും ജില്ലാ കളക്ടറുമായ എ. ഗീത, വയനാട് പാക്കേജ് നോഡല്‍ ഓഫീസറും ജില്ലാ വികസന കമ്മീഷണറുമായ ജി. പ്രിയങ്ക, വര്‍ക്കിംഗ് ഗ്രൂപ് അംഗങ്ങളായ ഡി.പി.സി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ഡോ. ജോസ് ജോര്‍ജ്ജ്, ശ്രീജിത്ത് ശിവരാമന്‍, എ.എം. പ്രസാദ്, ഡോ. അമ്പി ചിറയില്‍, ഡോ. കെ അജിത്ത് കുമാര്‍, ഡി.പി.ഒ വി.എസ്. ബിജു, തുടങ്ങിയവരും ചര്‍ച്ചയില്‍  പങ്കെടുത്തു. വയനാട് പാക്കേജുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലകളക്ടറും നോഡല്‍ ഓഫീസറും ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *