IMG_20220817_214303.jpg

വയനാട്ടിലെ ജനങ്ങളെ ഗിനിപ്പന്നികളാക്കരുത് സമ്പുഷ്‌ടീകരിച്ച അരി വിതരണം അവസാനിപ്പിക്കണം


AdAdAd
കൽപ്പറ്റ: കുട്ടികളിലും  ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരിൽ  കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണം ചെയ്യുന്നത് നിർത്തണമെന്ന് പരിസ്ഥിതി -കർഷക-ആദിവാസി – സാമൂഹ്യ  നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള  ആരോഗ്യ വിദഗ്‌ദ്ധർ ഈ തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. ഇത്തരം ഭക്ഷണത്തിന്റെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച് സുവ്യക്തമായ പഠനങ്ങൾ ലഭ്യമല്ല എന്നിരിക്കെ,  ഈ പദ്ധതി  നടപ്പിലാക്കുന്നത്  വയനാടൻ ജനതയോടും ഇവിടുത്തെ കാർഷികസംസ്കൃതിയോടും വൈവിധ്യമാർന്ന കാർഷിക-ഭക്ഷണ പാരമ്പര്യത്തോടും ഉള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ജില്ല പരിപാടിയിൽ ഉൾപ്പെടുത്തിയാണ്  ഈ  പദ്ധതി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്.
 പൊതുവിതരണ സംവിധാനത്തെ ഭക്ഷണത്തിനായി ആശ്രയിക്കുന്ന ജനതയുടെ മേൽ കൃത്രിമ സംപുഷ്‌ടീകരണം നടത്തിയ അരി നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നത്  ജനാധിപത്യ വിരുദ്ധമാണ്. ഭക്ഷണത്തിന്റെ കുത്തകവൽക്കരണത്തിന്നും അനാരോഗ്യകരമായ ഭക്ഷണരീതികൾ പ്രചരിപ്പിക്കുന്നതിനും ഭക്ഷ്യ മേഖലയിൽ പുത്തൻ കച്ചവട സാദ്ധ്യതകൾ നടപ്പിലാക്കുന്നതിനും അതുവഴി പ്രാദേശിക ജനസമൂഹങ്ങളുടെ ഭക്ഷ്യ പരമാധികാരത്തെ ഇല്ലാതാക്കുന്നതിനുമാണ്  യഥാർത്ഥത്തിൽ പുതിയ പദ്ദതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.        2018ലെ കേന്ദ്ര ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (ഭക്ഷ്യസമ്പുഷ്‌ടീകരണം) നിയന്ത്രണങ്ങൾ,  2021 ആഗസ്ത് 27മുതൽ പ്രാബല്യത്തിലുള്ള പുതുക്കിയ മാർഗരേഖ എന്നിവ  പ്രകാരം താലീസീമിയ രോഗമുള്ളവർ ആരോഗ്യവിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ ഇരുമ്പ് സമ്പുഷ്‌ടീകരിച്ച ഭക്ഷണം കഴിക്കാവൂ എന്നും, അരിവാൾ രോഗം ഉള്ളവർ ഇത്തരം ഭക്ഷണം കഴിക്കാൻ പാടില്ല എന്നും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. താലീസീമിയ രോഗമുള്ളവർക്കും കുറഞ്ഞ അളവിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങൾക്കും  ഇരുമ്പ്  കൃത്രിമമായി സമ്പുഷ്‌ടീകരിച്ച ഭക്ഷണം നിർദ്ദേശിക്കുന്നില്ല എന്ന് ഭാരത സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സർക്കറിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഈ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് കൃത്രിമമായി സമ്പുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നത് തികച്ചും അശാസ്ത്രീയമായ നടപടിയാണ്.
 അരിവാൾ രോഗം പാരമ്പര്യമായി കണ്ടു വരുന്ന ഗോത്ര സമൂഹങ്ങൾ, വയനാടൻ ചെട്ടി സമുദായം ഉൾപ്പടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളുള്ള വയനാട്ടിൽ ഇങ്ങനെ ഒരു പദ്ധതി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, ഇത്തരം ഭക്ഷണം വയനാടൻ ജനങ്ങളിൽ പോഷകക്കുറവ് പരിഹരിക്കുമെന്നതിനു യാതൊരു തെളിവും ലഭ്യമല്ല. പുത്തൻ ഭക്ഷ്യവ്യവസായ മേഖലയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തിടുക്കപ്പെടുന്നത്. 
കൃത്രിമമായി നിർമ്മിക്കപ്പെടുന്ന, പോഷകമെന്നവകാശപ്പെടുന്ന രാസവസ്തുക്കൾ മനുഷ്യ ശരീരത്തിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യക്തമല്ല. ശരീരത്തിലെ ജീവൽപ്രവർത്തനങ്ങൾക്കു അനാവശ്യമായതോ,  അമിതമായ അളവിലോ ഈ വസ്തുക്കൾ ശരീരത്തിൽ എത്തുന്നത്  ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ദോഷഫലങ്ങൾ ഉളവാക്കുകയും ചെയ്യും.  ഇതുകൊണ്ടുണ്ടാകാവുന്ന ഹ്രസ്വകാല-ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടില്ല. പോഷകകുറവു പോലെ തന്നെ ഗുരുതരമായ സാഹചര്യമാണ് പോഷകബാഹുല്യവും ശരീരത്തിൽ ഉളവാക്കുക. ഗുരുതരമായ ആരോഗ്യ പ്രതിസന്ധികൾക്ക് ഇത് കാരണമാകും. ഉദാഹരണത്തിന് അരിവാൾ രോഗം,  താലീസീമിയ മുതലായ ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവരിലും    മലേറിയ, ക്ഷയം  പോലുള്ള അണുബാധകൾ ഉള്ളവരിലും  ഇരുമ്പിന്റെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കരണമാകും. 
അരിവാൾ രോഗം ഉള്ളവരിൽ കൃത്രിമമായി ഇരുമ്പ് ചേർത്ത ഭക്ഷണം ഇരുമ്പിന്റെ ആധിക്യത്തിനും തന്മൂലം കരൾ, ഹൃദയം, ഹോർമോൺ വ്യവസ്ഥ എന്നിവയുടെ പ്രവർത്തനം   തകരാറിലാക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. താലീസീമിയ രോഗമുള്ളവരിൽ ഹൃദയ രോഗങ്ങൾക്കും, കരൾ ഫൈബ്രോസിസിനും, പ്രത്യുല്പാദന രോഗങ്ങൾക്കും, വളർച്ച മുരടിപ്പിനും കൃത്രിമമായി ഇരുമ്പ് ചേർത്ത ഭക്ഷണം കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇരുമ്പ് സമ്പുഷ്‌ടീകൃത ഭക്ഷണം മലേറിയ സാദ്ധ്യത വർധിപ്പിക്കുമെന്നും, ബാക്റ്റീരിയ – വൈറൽ രോഗബാധയ്ക്കു കാരണമാകുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇരുമ്പിന്റെ ആധിക്യം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനും  ക്ഷയരോഗം വർധിക്കുന്നതിനും കാരണമാകും. 
           വയൽനാടെന്നറിയപ്പെട്ടിരുന്ന വയനാട്ടിൽ മുപ്പത്തഞ്ചോളം പരമ്പരാഗത നെല്ലിനങ്ങളും  കാർഷിക സർവകലാശാല വികസിപ്പിച്ച നെല്ലിനങ്ങളും  കൃഷി ചെയ്തുവരുന്നുണ്ട്. ഒട്ടനവധി ഔഷധഗുണമുള്ളതും പോഷക സമ്പുഷ്ടവുമായ പരമ്പരാഗത നെല്ലിനങ്ങൾ വയനാട്ടിൽ നിലവിൽ കൃഷിചെയ്തുവരുന്നുണ്ട്. അത്തരം നെല്ലിനങ്ങളെയും അവയുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കുന്നതാണ് കൃത്രിമമായി സമ്പുഷ്‌ടീകരിച്ച അരി വിതരണം. ഇത്തരം നെല്ലിനങ്ങൾ കൃഷിചെയ്തു സംരക്ഷിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുകയും അമൂല്യമായ ഈ നെല്ലിനങ്ങൾ വ്യാപകമായി കൃഷിചെയ്യിക്കുന്നതിന്  സഹായകരമാകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്. 
വിവിധ ഭക്ഷ്യ  ഇനങ്ങൾ പാരമ്പരാഗതമായി കൃഷിചെയ്ത് ഭക്ഷണ ആവശ്യം നിറവേറ്റുന്ന ജനതയാണ് വയനാട്ടിൽ ഉള്ളത്. കൂടാതെ  കൃഷിചെയ്യാത്ത അനേകം ഇലക്കറികളും കിഴങ്ങുവർഗങ്ങളും  മറ്റും വയനാടൻ ജനതയുടെ ഭക്ഷ്യസംസ്കാരത്തിന്റെ പ്രത്യേകതയാണ്. വയനാടൻ ജനതയെ ആരോഗ്യമുള്ളവരായി സംരക്ഷിക്കുന്ന ഈ ജൈവ വൈവിധ്യം ഇല്ലാതാക്കുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. 
      വൻകിട കുത്തക കമ്പനികൾ മുന്നോട്ടുവെയ്ക്കുന്ന, അവരുടെ സുസ്ഥിര കച്ചവടം  ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കൃത്രിമ ഭക്ഷ്യ സമ്പുഷ്‌ടീകരണമെന്ന പേരിൽ നടപ്പാക്കാൻ തുടങ്ങുന്നത്. ഇത് ഭക്ഷണത്തിനുമേലുള്ള പ്രാദേശിക സമൂഹങ്ങളുടെയും പ്രാക്തന/ഗോത്ര ജനവിഭാഗങ്ങളുടേയും ഭക്ഷ്യമേഖലയിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റമാണ്.
    പോഷകസമൃദ്ധമായ  മറ്റു പ്രാദേശിക വിളകളും ഇലക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്                           
          ആരോഗ്യവ വകുപ്പ് വഴിയും അംഗൻവാടികൾ വഴിയും വർഷങ്ങളായി നടത്തിവരുന്ന  ഇരുമ്പു ഗുളിക, ഫോളിക് ആസിഡ് എന്നിവ പോഷകക്കുറവ് പരിഹാരക്കുന്നില്ല എന്നും മറിച്ചു അനാരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അയേൺ ടോക്സിസിറ്റിക്കു കാരണമാകുമെന്നും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വൈവിധ്യ പൂർണ്ണവും പോഷക സമൃദ്ധവുമായ ഭക്ഷണ സംസ്കാരം കാലങ്ങളായി അനുഷ്ഠിച്ചുവന്നിരുന്ന വിവിധ തദ്ദേശീയ ജനവിഭാഗങ്ങളെ ഭക്ഷ്യവ്യവസായത്തിന്റെ പുത്തൻ പരീക്ഷണങ്ങൾക്കു ഇരയാക്കുകയാണ് ഇവിടെ. ജനങ്ങളെ പരീക്ഷണവസ്തുക്കളും ഗിനിപ്പന്നികളുമാക്കി മാറ്റുന്ന പദ്ധതികൾ എതിർക്കപ്പെടുക തന്നെ വേണം. അവരുടെ തനതായ ഭക്ഷണരീതികളെ ഇല്ലാതാക്കാനും മാറ്റിമറിക്കാനും ഇക്കാലമത്രയും നടന്ന സർക്കാർ – കുത്തക ഇടപെടലുകൾക്കും പുത്തൻ ഭക്ഷ്യവ്യസായത്തിന്റെ പോഷകമൂല്യം കുറഞ്ഞ ഉത്പന്നങ്ങൾക്കും സാധിച്ചിട്ടുണ്ട്. 
കൃത്രിമമായി സമ്പുഷ്‌ടീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഹ്രസ്വകാല – ദീർഘകാല ദോഷവശങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളും  നിരീക്ഷണങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇത്തരം പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനകീയ സർക്കാരുകൾക്ക് ഭൂഷണമല്ല. ഫാക്ടറി അധിഷ്ഠിത, കൃത്രിമ പോഷക സമ്പുഷ്‌ടീകരണ, കച്ചവട ഭക്ഷ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം  പ്രാദേശികവും  ജനകീയവുമായ സുസ്ഥിര ബദലുകൾ ആവിഷ്കരിച്ചു പോഷകകുറവ് പരിഹരിക്കാനുതകുന്ന പദ്ധതികൾ വിഭാവനം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:-
     രാജേഷ് കൃഷ്ണൻ , (ജൈവകർഷകൻ, തിരുനെല്ലി കർഷ ഉത്പാദക സംഘം) ബാലൻ പൂതാടി (ദേശീയ ആദിവാസി ഫെഡറേഷൻ ) , എം.നാരായണൻ (ആദിവാസി ഫെഡറേഷൻ ), ഡോ.ടി.ആർ.സുമ, എൻ. ബാദുഷ, അഡ്വ. രാമചന്ദ്രൻ കെ.ജി. ( കീസ്റ്റോൺ) ദിലീപ് കുമാർ . എൻ , പി.ഹരിഹരൻ ( കിസാൻ ജ്യോതി ഫാർമേഴ്സ് ക്ലബ്ബ് തോമാട്ടുചാൽ) ,തോമസ്സ അമ്പലവയൽ , മറുകര ഗംഗാധരൻ
Ad Ad

Leave a Reply

Leave a Reply

Your email address will not be published.