കാഞ്ഞിരത്തിനാൽ തര്‍ക്കസ്ഥലം കൃഷി ഭൂമിയാകാനുളള സാധ്യതയാണുളളതെന്ന് റവന്യൂ സര്‍വ്വെ വകുപ്പുകള്‍
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് നിയമസഭാ പെറ്റീഷന് സമിതി നിര്‍ദ്ദേശം നല്കി. ഭൂമിയുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് കൂട്ടുപ്പാറ സാംസ്ക്കാരിക നിലയത്തില്‍ നടത്തിയ തെളിവെടുപ്പിലായിരുന്നു നിര്‍ദ്ദേശം. സര്‍വ്വെ വകുപ്പിനും വനംവകുപ്പിനും കൂടുതല്‍ വിവരങ്ങള്‍ ബോധിപ്പിക്കാനുണ്ടെങ്കില്‍ ഒരാഴ്ച്ചകകം സബ് കളക്ടര്‍ക്ക് നല്‍കാവുന്നതാണ്. പ്രസ്തുത വാദങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. സമിതി അംഗങ്ങള്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ സബ്കളക്ടറെ ഹിയറിംഗ് ചെയ്യും. വിഷയത്തില്‍ നീതിപൂര്‍വ്വമായ ശിപാര്‍ശ ഉടന്‍ തന്നെ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും സമിതി വ്യക്തമാക്കി.
വനഭൂമിയായി രേഖപ്പെടുത്തിയ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി ഹരിതസേന ചെയര്മാന് വി.ടി പ്രദീപ്കുമാറാണ് സമിതിക്ക് പരാതി നല്‍കിയത്. തെളിവെടുപ്പില്‍ തര്‍ക്കസ്ഥലം കൃഷി ഭൂമിയാകാനുളള സാധ്യതയാണുളളതെന്ന് റവന്യൂ,സര്‍വ്വെ വകുപ്പുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ വനഭൂമിയാണെന്ന വാദത്തില്‍ വനം വകുപ്പ് ഉറച്ചു നിന്നു. കെ.ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം തര്‍ക്കഭൂമി സന്ദര്‍ശിച്ച ശേഷമാണ് ബന്ധപ്പെട്ടവരില്‍ നിന്നും തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് മറ്റ് വിഷയങ്ങളില്‍ സമിതിക്ക് ലഭിച്ച പരാതികളിലും തെളിവെടുപ്പ് നടത്തി. എം.എല്‍.എമാരുമായ ആര്.രാമചന്ദ്രന്, വി.പി സജീന്ദ്രന്, സി.കെ ശശീന്ദ്രന്, പി.ഉബൈദുളള എന്നീ സമിതി അംഗങ്ങളും അധ്യക്ഷനൊപ്പമുണ്ടായിരുന്നു.





Leave a Reply