അടച്ചുപൂട്ടാനിരിക്കുന്ന വിദ്യാലയത്തിനു ചുറ്റുമതിലും ഒഴിഞ്ഞുപോകാന്‍ കുടുംബങ്ങള്‍ തയാറെടുക്കുന്ന കോളനിയിലേക്കു റോഡും നിര്‍മിച്ചു ധനദുര്‍വിനിയോഗം
അടച്ചുപൂട്ടാനിരിക്കുന്ന വിദ്യാലയത്തിനു ചുറ്റുമതിലും ഒഴിഞ്ഞുപോകാന്‍ കുടുംബങ്ങള്‍ തയാറെടുക്കുന്ന കോളനിയിലേക്കു റോഡും നിര്‍മിച്ചു ധനദുര്‍വിനിയോഗം.
കല്‍പ്പറ്റ: അടച്ചുപൂട്ടാനിരിക്കുന്ന വിദ്യാലയത്തിനു ചുറ്റുമതിലും ഒഴിഞ്ഞുപോകാന്‍ കുടുംബങ്ങള്‍ തയാറെടുക്കുന്ന ആദിവാസി കോളനിയിലേക്കു റോഡും നിര്‍മിച്ചു ധനദുര്‍വിനിയോഗം. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിര്‍വഹണം അന്തിമഘട്ടത്തിലെത്തിയ ചെട്ട്യാലത്തൂര്‍ വനഗ്രാമത്തില്‍ നൂല്‍പ്പുഴ പഞ്ചായത്താണ് ധനദുര്‍വിനിയോഗം നടത്തുന്നത്. ജനോപകാരപ്രദമാകില്ലെന്നു ആളുകള്‍ ചൂണ്ടിക്കാട്ടിയിട്ടും പ്രവൃത്തികളുമായി മുന്നോട്ടുപോകുകയാണ് പഞ്ചായത്ത്.
വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ റേഞ്ചിലാണ് ചെട്ട്യാലത്തൂര്‍. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗ്രാമത്തിലെ 100 കുടുംബങ്ങള്‍ കുടിയൊഴിഞ്ഞു. 40 ആദിവാസി കുടുംബങ്ങളുടെ പുനരധിവസം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാത്ത പൊതുവിഭാഗത്തില്‍പ്പെട്ട അഞ്ചും പ്രാക്തനഗോത്ര വിഭാഗത്തില്‍പ്പെട്ട 20ല്‍ താഴെ കാട്ടുനായ്ക്ക കുടുംബങ്ങളുമാണ് ഗ്രാമത്തിലുള്ളത്. ഇവരെ വനത്തിനു പുറത്തേക്കു മാറ്റുന്നതിനുള്ള പാക്കേജും സര്‍ക്കാര്‍ തയാറാക്കി വരികയാണ്.
ചെട്ട്യാലത്തൂരിലെ ഗവ.എല്‍പി സ്‌കൂളില്‍ രജിസ്റ്റര്‍ പ്രകാരം 19 കുട്ടികളാണ് നിലവില്‍. അഞ്ച് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും വിദ്യാലയത്തിലുണ്ട്. മുഴുവന്‍ കുടുംബങ്ങളും ഗ്രാമം വിടുന്നതോടെ സ്‌കൂളില്‍ പഠിതാക്കള്‍ ഇല്ലാതാകും. എന്നിരിക്കെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് വിദ്യാലയത്തിനു ചുറ്റുമതില്‍ നിര്‍മിക്കുന്നതും റോഡ് നിര്‍മിക്കുന്നതും അഴിമതി മുന്നില്‍ക്കണ്ടാണെന്നു അഭിപ്രായപ്പെടുന്നവര്‍ ചെട്ട്യാലത്തൂരിലും പുറത്തുമുണ്ട്.
ചെട്ട്യാലത്തൂരില്‍ പുതിയ നിര്‍മാണങ്ങള്‍ നടത്തേണ്ടെന്നു കഴിഞ്ഞ ഡിസംബറില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിര്‍വഹണ സമിതി യോഗം തീരുമാനിച്ചിരുന്നു. പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കവെ ഗ്രാമത്തില്‍ ആദിവാസി ഭവന പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം.
എതിര്‍പ്പുകള്‍ മറികടന്നാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെംബറുടെയും നേതൃത്വത്തില്‍ നിര്‍മാണ സാമഗ്രികള്‍ സ്‌കൂള്‍ വളപ്പില്‍ എത്തിച്ചത്. നൂല്‍പ്പുഴ പഞ്ചായത്തില്‍ പിടിമുറുക്കുന്ന കരാര്‍ ലോബിയാണ് ചെട്ട്യാലത്തൂരിലെ അനാവശ്യ നിര്‍മാണങ്ങള്‍ക്കു പിന്നിലെന്നും ആരോപണമുണ്ട്.
Leave a Reply