March 29, 2024

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലോക്‌സഭയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി പി എം മാറുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

0
Img 20190406 Wa0096
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലോക്‌സഭയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി പി എം മാറുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ സംയുക്തയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് യാതൊരു പ്രസക്തിയുമില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല, ബീഹാറിലും, മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആരും സി പി എമ്മിനെ ഒപ്പം കൂട്ടിയില്ല. എന്നിട്ടും പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും മത്സരിച്ച് വാചകമടിക്കുകയാണ്. മതേതര നിലപാടിനൊപ്പമാണെങ്കില്‍ രാഹുല്‍ഗാന്ധിക്കെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. അമേഠിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ് പിയും, ബി എസ് പിയും കാണിച്ച മാതൃക കാട്ടാനാണ് സി പി എം തയ്യാറാകേണ്ടത്. സി പി എം വൈരുദ്ധ്യപൂര്‍ണമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്. മയ്യഴിയും, പോണ്ടിച്ചേരിയും ഇതിനുദ്ദാഹരണമാണ്. സി പി എം നല്‍കുന്നത് തെറ്റായ സന്ദേശമാണ്. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടി ബി ജെ പിയെ സഹായിക്കാനാണെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തി. വിടുവായത്തം പറയുന്ന മോദിയെ പോലെയും, പൊള്ളയായ വാഗ്ദാനം നല്‍കുന്ന പിണറായിയെ പോലെയുമുള്ള നേതാവല്ല രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. രാഹുല്‍ഗാന്ധിക്ക് മാത്രമെ, മോദിയുടെ വര്‍ഗീയരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കാനാവൂ. മതേതരശക്തികളും സംഘപരിവാറിന്റെ ഭിന്നതയും അസഹിഷ്ണുതയും തമ്മിലാണ് ഈതിരഞ്ഞെടുപ്പില്‍ പോരാട്ടം നടത്തുന്നത്. വയനാട്ടില്‍ ബി ജെ പി മുതിര്‍ന്ന നേതാവിനെ മത്സരിപ്പിക്കുമെന്നാണ് കരുതിയത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താനാവാതെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് ചെയ്തത്. രാഹുല്‍ജിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാമെന്നത് ബി ജെ പിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം വീണ്ടും രാഹുല്‍ഗാന്ധി വയനാട്ടില്‍ പ്രചരണത്തിനെത്തും. വയനാട് മണ്ഡലത്തിലെ പ്രചരണത്തിനായി സോണിയാഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്രസമ്മേളനത്തില്‍ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, സി പി ചെറിയമുഹമ്മദ്, ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, വി വി പ്രകാശ്, പി പി എ കരീം, എന്‍ ഡി അപ്പച്ചന്‍, എം സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *