April 25, 2024

മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന : നിരോധിത രാസവസ്തുക്കൾ ഇല്ലന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

0
      വയനാട്    ജില്ലയിലെ ബത്തേരി, അമ്പലവയല്‍, വടുവന്‍ചാല്‍ പ്രദേശങ്ങളിലെ മത്സ്യ വ്യാപാര, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.  മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.  മത്സ്യം കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്.  പരിശോധനയില്‍ മേല്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഒന്നും തന്നെ ജില്ലയില്‍ കണ്ടെത്തിയില്ലെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു. മത്സ്യം വിപണനം നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മത്സ്യം വില്‍ക്കുന്ന സ്ഥലവും, സൂക്ഷിക്കുന്ന പെട്ടികളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.  ഈച്ച, പൊടി മുതലായവ മലിനപ്പെടുത്താതെ  അടച്ച് സൂക്ഷിക്കുക. മത്സ്യം മുറിക്കാനുപയോഗിക്കുന്ന കത്തി, പ്രതലങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. ചീഞ്ഞതോ, കേടായതോ ആയ മത്സ്യം ഒരു   കാരണവശാലും വില്‍പ്പന നടത്താതിരിക്കുക.  ഒരു കിലോ മത്സ്യം സൂക്ഷിക്കാന്‍ ഒരു കിലോ ഐസ് എന്ന തോതില്‍ ഉപയോഗിക്കുക, മത്സ്യത്തിന്റെ വേസ്റ്റും മറ്റും വൃത്തിയുളള പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കുകയും, ആരോഗ്യപരമായി നശിപ്പിക്കുകയും ചെയ്യുക.  വില്‍പ്പന നടത്തുന്നവര്‍ വ്യക്തിശുചിത്വം പാലിക്കുക.  പുകവലി, മുറുക്കല്‍ എന്നിവ ജീവനക്കാര്‍ മത്സ്യ വിപണന കേന്ദ്രത്തില്‍  ഒഴിവാക്കുക,  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുക്കുകയും സമയബന്ധിതമായി പുതുക്കുകയും ആയത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.  പരിശോധനയ്ക്ക് കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍  എം. കെ രേഷ്മ, സുല്‍ത്താന്‍ ബത്തേരി  ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.  വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *