April 25, 2024

ദുരന്തമുഖങ്ങളെ ലോകത്തെ കാണിച്ച ഡ്രോൺ ഓപ്പറേറ്റേഴ്സ് ക്ലബ്ബ്

0
496.jpg
സി.വി.ഷിബു.
കൽപ്പറ്റ:കേരളത്തിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തി സ്‌കൈലിമിറ്റ് എന്നൊരു വാട്‌സ്ആപ് ഗ്രൂപ്പ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ ഈ കൂട്ടായ്മ വലിയൊരു ശൃംഖലയായി പ്രവര്‍ത്തിച്ചു. ചൂരല്‍മല, പുത്തുമല, കുറിച്യര്‍മല തുടങ്ങി വയനാട്ടിലെ വിവിധ പ്രദേശങ്ങളും കേരളത്തില്‍ ഇത്തരം സാധ്യതകളുള്ള മറ്റ് പ്രദേശങ്ങളും കണ്ടെത്തുകയാണ് ആദ്യം ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ ചെയ്തത്. പിന്നീട് അവ അധികൃതര്‍ക്ക് കൈമാറി. കേരളത്തിലുടനീളം 250ലധികം ഡ്രോണ്‍ ഓപ്പറേറ്റര്‍മാരാണ് സ്‌കൈ ലിമിറ്റ് ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ സ്വകാര്യ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കുകയും അവയില്‍ നിന്ന് കിട്ടുന്ന ചുരുങ്ങിയ പ്രതിഫലവുമാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം. 
ഡ്രോണ്‍ തകരാറിലായാല്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ അറ്റകുറ്റപ്പണിയാണ് ഇവരിപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. കേരളത്തില്‍ ഇതിനുള്ള സൗകര്യം പരിമിതമാണ്. 
2018ലെ മഹാപ്രളയകാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ ഡ്രോണ്‍ പറത്തി ചുണ്ടേൽ സ്വദേശി ടി. പ്രശാന്ത് പകര്‍ത്തിയ ആകാശദൃശ്യങ്ങളായിരുന്നു അല്‍ജസീറ പോലുള്ള രാജ്യാന്തര ചാനലുകള്‍ വാര്‍ത്തയ്ക്കായി ഉപയോഗിച്ചത്. 
ഇത്തവണ വയനാട് ജില്ലയിലും മലപ്പുറത്തും വന്‍തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. ആഗസ്റ്റ് 8, 9 തിയതികളിൽ  മഴ കനത്തുപെയ്യുകയും പലയിടത്തും ഒരേസമയത്ത് ഉരുള്‍പൊട്ടുകയും ചെയ്തു. ദുരന്തബാധിത മേഖലകളിലേക്ക് പലയിടത്തും ഗതാഗത സൗകര്യംപോലും ഉണ്ടായിരുന്നില്ല. അവിടങ്ങളില്‍ ചെന്ന് ക്യാമറ കൈകാര്യം ചെയ്യുക എന്നുള്ളത് ഏറെ ദുഷ്‌ക്കരമായിരുന്നു. ഈ സമയത്താണ് ഏത് പ്രതിസന്ധിയേയും തരണം ചെയ്യാമെന്ന ആത്മവിശ്വാസത്തോടെ പ്രശാന്ത് ഇറങ്ങിപ്പുറപ്പെട്ടത്. വയനാട് മേപ്പാടി പുത്തുമലയില്‍ 8, 9 ദിവസങ്ങളിലുണ്ടായ  ഉരുള്‍പൊട്ടലില്‍ 17 പേരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവര്‍ത്തകരേയും സഹായിക്കുന്നതിന് ഡ്രോണ്‍ ദൗത്യം ഏറെ ഉപകാരപ്പെട്ടു. 200 മീറ്റര്‍ വരെ ഉയരത്തില്‍ ഡ്രോണ്‍ പറത്തിയാണ് പല ദൃശ്യങ്ങളും പകര്‍ത്തിയതെന്നും ഇത് ഏറെ സാഹസികമായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. മലയാളത്തിലെ പ്രധാന ചാനലുകള്‍ക്ക് കൂടാതെ ഇംഗ്ലീഷ് ചാനലുകളും വാര്‍ത്തയ്ക്കായി ദൃശ്യം ഉപയോഗിച്ചു എന്നതായയിരുന്നു പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ പ്രധാന പ്രയോജനം.
 ഇതോടൊപ്പംതന്നെ ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനം, ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍, പ്രളയബാധിതപ്രദേശങ്ങളെ തിരിച്ചറിയല്‍ തുടങ്ങിയവയ്ക്കും പഠനത്തിനും ഡ്രോണിലെ ദൃശ്യങ്ങളും ചിത്രങ്ങളും ഏറെ സഹായകരമായി. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പഠനത്തിനായി സര്‍ക്കാര്‍തലത്തില്‍ നല്‍കിയിട്ടുണ്ട്. വരുംകാലങ്ങളില്‍ വിശദമായ പഠനങ്ങള്‍ക്കും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ഡ്രോണുകളുപയോഗിച്ചുള്ള ഈ ദൗത്യം പ്രധാന പങ്കുവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *