April 26, 2024

ഉടലാഴം എത്തുന്നു ഉള്ളുതുറപ്പിക്കുന്ന പ്രമേയവുമായി :റിലീസ് വെള്ളിയാഴ്ച

0
Img 20191201 Wa0074.jpg
    സി.വി.ഷിബു.

കൽപ്പറ്റ:  ഡോക്ടേഴ്സ് സിനിമയുടെ ബാനറിൽ  മൂന്ന് ഡോക്ടർമാർ ചേർന്ന് നിർമ്മിച്ച ഉടലാഴം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. . പണത്തിന് പുറകെ ഓടുന്ന പൊതുസമൂഹം  ആ ഓട്ടത്തിനിടെ കൂടെ ഓടുന്ന ഒരു വിഭാഗത്തെ കണ്ടില്ലന്ന് നടിക്കുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കാനായി   ഓടുന്ന ഗുളികൻ എന്ന യുവാവിന്റെ കഥയാണ് ഉടലാഴം എന്ന സിനിമ .  നിലനില്പിനായുള്ള ഗുളികന്റെ ആ ഓട്ടത്തെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ കൗതുകവും ആകാംഷയും  സ്നേഹവും നിറച്ച സീനുകളിലൂടെ ഉണ്ണികൃഷ്ണൻ  ആവള എന്ന സംവിധായകൻ  പ്രേക്ഷകരുടെ ഉള്ളുതുറപ്പിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ഉടലാഴത്തിൽ മണിയെന്ന ആദിവാസി യുവാവാണ് നായകൻ. ഫോട്ടോ ഗ്രാഫർ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച് മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് നേടിയ മണി ഒരിടവേളക്ക് ശേഷം നായകനായെത്തുന്ന ഈ സിനിമയിൽ  രമ്യ വത്സലയാണ് നായിക. പ്രേക്ഷകരെ നായകനിലേക്കടുപ്പിക്കുന്നതിനും കഥാപാത്രത്തെ കുറച്ചു കാലമെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കാൻ  കാഴ്ചക്കാരനെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ അവതരണശൈലി.
         കർണ്ണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ കൂലിപ്പണിയെടുത്തിരുന്ന മണിയെ ഷിമോഗയിൽ നിന്നാണ് ഉടലാഴത്തിന്റെ  അണിയറ പ്രവർത്തകർ സിനിമയുടെ സെറ്റിലെത്തിച്ചത്. മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനിടെ  ഉടലാഴത്തിന്റെ ട്രെയ്ലർ റിലീസ് നടത്തിയ മഹാനടൻ മോഹൻലാലും മണിയും തമ്മിൽ ഒരിടവേളക്ക് ശേഷമുള്ള കണ്ടുമുട്ടൽ ഏറെ വൈകാരികത നിറഞ്ഞതായിരുന്നു. 
  72 ഫിലിം കമ്പനിയുടെ ബാനറിൽ ആഷിക് അബു അവതരിപ്പിക്കുന്ന ഉടലാഴത്തിന് പിന്നിൽ മൂന്ന് ഡോക്ടർമാരുടെ കഠിനാദ്ധ്വാനവുമുണ്ട്. 
നിലമ്പൂർ സ്വദേശി ഡോ: കെ.ടി. മനോജ്, വയനാട് വൈത്തിരി സ്വദേശി ഡോ: എം.പി. രാജേഷ് കുമാർ, കൊച്ചി സ്വദേശി ഡോ: എം. സജിഷ് എന്നിവരാണ് ഉടലാഴം അഭ്രപാളിയിലെത്തിക്കാൻ അവിശ്രാന്ത പരിശ്രമം നടത്തിയത്. 
സിനിമാ ലോകത്തും പൊതു സമൂഹത്തിലും ഏറെ ചർച്ച ചെയ്യാൻ പോകുന്ന ഒരു സിനിമയെന്ന നിലയിലും വിഷയത്തിന് ഏറെ പ്രാധാന്യമുള്ളതിനാലു മാണ്  പഠനകാലത്ത് പാട്ടും സിനിമയുമൊക്കെയായി ഒന്നിച്ചു നടന്നിരുന്ന മൂന്ന് ഡോക്ടർമാർ സംവിധായകൻ   ഉണ്ണികൃഷ്ണനൊപ്പം ചേർന്നത്. 
ജോയ് മാത്യുവിനൊപ്പം ഷട്ടർ എന്ന സിനിമയിൽ ക്രിയേറ്റീവ് ഡയറക്ടർ ആയിരുന്നു ഡോ: രാജേഷ് കുമാർ.ഒരാൾ പൊക്കം, വിത്ത് , ശവം തുടങ്ങിയ സിനിമകളുടെ പ്രൊഡ്യൂസർ കൂടിയായിരുന്നു ഡോ: രാജേഷ് കുമാർ.
       ജോയ് മാത്യു, ഇന്ദ്രൻസ്, അനുമോൾ ,സജിത ,അബു വളയംകുളം, രാജീവൻ, രമ്യ വത്സല എന്നിവർക്കൊപ്പം നൂറോളം ഗോത്രവർഗ്ഗകാരും സിനിമയിലഭിനയിച്ചു.  ഡയലോഗുകളിൽ മലയാളത്തോടൊപ്പം ഗോത്രഭാഷയായ പണിയ ഭാഷയും ഇടകലരുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.  ദേശീയ സിനിമാ അവാർഡ് ജേതാക്കളായ ബിജിപാൽ, രംഗനാഥ് രവി, അപ്പു ഭട്ടതിരി, തുടങ്ങിയ ഒട്ടേറെ പേർ  അണിയറയിൽ പ്രവർത്തിച്ചു. ഗാനങ്ങൾ ശ്രദ്ധേയമാക്കാൻ മിഥുൻ ജയരാജ്, സിതാര , കൃഷ്ണകുമാർ എന്നിവർ ഉടലാഴത്തിൽ പങ്കാളികളായി. 
     റിലീസിന് മുമ്പേ തന്നെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഉടലാഴം യർച്ചയായി കഴിഞ്ഞു.  വേൾഡ് പ്രീമിയർ എന്നറിയപ്പെടുന്ന മാമിയിൽ ( മുംബൈ ഫിലിം ഫെസ്റ്റിവൽ) 2018-ലായിരുന്നു ആദ്യ പ്രദർശനം. തുടർന്ന് തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയിൽ നിറഞ്ഞ സദസ്സിലാണ് ഉടലാഴം പ്രദർശിപ്പിച്ചത്.  മാഡ്രിഡ് അന്താരാഷ്ട്ര സിനിമ മേളയിലും  ലണ്ടൻ സിനിമാ മേളയിലും  മെൽബൺ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി. ഈയാഴ്ച കേരളത്തിലെ 35 തിയറ്ററുകളിലും ബംഗളൂരുവിലും  റിലീസ് ചെയ്യുന്നതോടൊപ്പം  അടുത്ത ആഴ്ച ഖത്തറിലും ഉടലാഴം പ്രദർശനത്തിനെത്തും.  
      മണിയെന്ന ബാലനടൻ വളർന്നപ്പോൾ കൂലിപ്പണിക്കാരനായി മാറേണ്ടി വന്നു. വീണ്ടും നായകവേഷത്തിൽ എത്തുന്നതോടെ  വയനാടിന്റെ വനാതിർത്തിയിൽ നിന്നുള്ള ഒരു വലിയ നടന്റെ ജനനം കൂടിയായിരിക്കും ഉടലാഴത്തിന്റെ റിലീസിംഗ്. അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മണിയുടെ കൂട്ടുകാരും നാട്ടുകാരും. 
      
        
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *