പ്രളയ ധനസഹായം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

       പ്രളയദുരിത ബാധിതര്‍ക്കുളള പതിനായിരം രൂപയുടെ അടിയന്തര ധനസഹായം  കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ലഭ്യമായവരുടെ ലിസ്റ്റ് (ഇന്ന്) ബുധനാഴ്ച മുതല്‍ അതത് പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ലഭ്യമാകും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള എന്നിവരുടെ നേതൃത്ത്വത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പ്രളയാനന്തര പുനരധിവാസവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. സഹായം ലഭ്യമായിട്ടില്ലെന്ന പരാതികളുമായി ദുരന്തബാധിതര്‍ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും എത്തുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പ്രയാസപ്പെടുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ പറഞ്ഞു.  ഇതേ തുടര്‍ന്നാണ് താലൂക്ക് ഓഫീസറുടെ യൂസര്‍ ഐഡിയിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ പഞ്ചായത്ത്,വില്ലേജ്തലത്തില്‍ ക്രമീകരിച്ച്  പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
     കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രളയബാധിതര്‍ക്കുളള സഹായം സര്‍ക്കാര്‍ നേരിട്ട് വിതരണം ചെയ്യുന്നതിനാല്‍ ജില്ലാതലത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് പരിമിതിയുണ്ടെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുളള സഹായമാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ബന്ധുവീടുകളില്‍ താമസിച്ചവരുടെയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്കുമുളള ധനസഹായം അടുത്ത ആഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ക്യാമ്പില്‍ താമസിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് പരാതിയുളളവരുടെ അപേക്ഷകള്‍ ഡിസംബര്‍ 6 നകം പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസറുമടങ്ങുന്ന സമിതി പരിശോധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും യോഗത്തില്‍ തീരുമാനമായി. 

       വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുളള ധനസഹായം ജില്ലതലത്തില്‍ നല്‍കാന്‍ സാധിക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. പത്തു ലക്ഷം രൂപയാണ് ഈ വിഭാഗത്തിന് നല്‍കുക. ഭൂമി സ്വയം കണ്ടെത്തി വാങ്ങാന്‍ തയ്യാറുളളവരുടെ കാര്യത്തില്‍  പണം ഭൂവുടമക്ക് നേരിട്ടാണ് കൈമാറുക. ഭൂമി വാങ്ങുന്നതിന് നല്‍കുന്ന ആറ് ലക്ഷത്തിന് എത്ര സെന്റ് ഭൂമിയും വാങ്ങാവുന്നതാണ്. ഇത്തരത്തില്‍ വാങ്ങുന്ന ഭൂമി വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം  വൈത്തിരി താലൂക്കില്‍ 213 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ജിയോടാഗ് ചെയ്യുന്നതില്‍ തടസ്സം നേരിട്ട സ്ഥലങ്ങള്‍ സംഘം വീണ്ടും സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പ്രളയബാധിതര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നവരെ ഏകോപിപ്പിക്കാന്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ സമിതി രൂപീകരിക്കാനും തീരുമാനമായി. റീ ബില്‍ഡ് കല്‍പ്പറ്റ മണ്ഡലം എന്ന പേരിലാണ് സമിതി പ്രവര്‍ത്തിക്കുക.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *