മണ്ണിന്റെ മകൾ കുംഭക്ക് ആദരവുമായി തറയിലിരുന്ന് രാഹുൽഗാന്ധി
സി.വി.ഷിബു.
കൽപ്പറ്റ: വൈകല്യങ്ങളെ അതിജീവിച്ച് കാർഷിക ജോലിയിൽ ഏർപ്പെട്ട് വിജയഗാഥ രചിച്ച കുംഭയെന്ന ഭിന്നശേഷിക്കാരിയായ ആദിവാസി വീട്ടമ്മയെ ആദരിക്കാൻ തറയിലിരുന്ന് രാഹുൽ ഗാന്ധി എം.പി. വെളളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനിലാണ് കുംഭയും പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ കുനി ങ്ങാരത്ത് നാസറും ഉൾപ്പടെ നാല് പേരെ ആദരിച്ചത്. ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ വനിതാ ടീം ക്യാപ്റ്റൻ ജീന സ്കറിയ , പണിയ സമുദായത്തിൽ നിന്നുള്ള പി.ജി.വിദ്യാർത്ഥിനി പുളി ഞാൽ സ്വദേശി ജിനിയ കോട്ടമുക്കത്ത് എന്നിവരായിരുന്നു ആദരിക്കപ്പെട്ട മറ്റ് രണ്ട് പേർ. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയാണ് നാല് പേർക്കും പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എക്സലൻസ് അവാർഡ് നൽകിയത്. അവാർഡ് സ്വീകരിക്കാനായി ഒരോരുത്തരുടെയും പേരുകൾ വിളിച്ചപ്പോൾ അരക്ക് താഴെക്ക് തളർന്ന കുംഭ കൈകൾ തറയിൽ കുത്തി ഇഴഞാണ് വേദിയിലേക്ക് കയറിയത്. ഇത് കണ്ട രാഹുൽ ഗാന്ധി എം.പി. അവരുടെ അടുത്തേക്ക് ചെന്നു തറയിലിരുന്ന് അഭിനന്ദിച്ചു. പിന്നെ, പുരസ്കാരം സമർപ്പിച്ച് ചേർത്ത് പിടിച്ചു. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുള്ള തനിക്ക് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തമായിരുന്നു രാഹുലിനൊപ്പമുണ്ടായിരുന്നതെന്ന് കുംഭ ചടങ്ങിന് ശേഷം പറഞ്ഞു. വെള്ളമുണ്ടയിൽ ഡയാലിസിസ് സെന്റർ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകനായ കുനിങ്ങാരത്ത് നാസറും ജിനിയയും
ജീന സ്കറിയക്ക് വേണ്ടി മാതാപിതാക്കളും രാഹുൽ ഗാന്ധി എം.പി.യിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
ഫോട്ടോ .. കടപ്പാട്: ദീപ ക്ലീറ്റസ്, വെള്ളമുണ്ട




Leave a Reply