September 24, 2026

പുഞ്ചവയല്‍ സിമന്റ് ഗോഡൗണിലേക്കുള്ള ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.

0
IMG-20191216-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം പഞ്ചായത്തിലെ പുഞ്ചവയലിനു സമീപമുള്ള സിമന്റ് ഗോഡൗണിലേക്ക് ലോഡുമായി വരുന്ന ലോറികള്‍ ഗതാഗത തടസമുണ്ടാക്കുന്നതായി ആക്ഷേപമുയരുന്നു. പത്തും പന്ത്രണ്ടും പതിനാലുംവരെ ചക്രങ്ങളുള്ള ലോറിയാണ് ഗോഡൗണിലേക്ക് എത്തുന്നത്. ഗോഡൗണ്‍ പരിസരത്ത് ലോറികള്‍ നിറുത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇവ പനമരം -നടവയല്‍ റോഡരുകിലാണ് പാര്‍ക്ക് ചെയ്യുന്നത്. പുഞ്ചവയല്‍ മുതല്‍ രണ്ടാംമൈല്‍ വരെയുള്ള ഭാഗം റോഡ് പൊതുവേ വീതി കുറഞ്ഞതാണ്. ഈ സ്ഥലങ്ങളില്‍ ലോറികള്‍ നിറുത്തിയിടുന്നതിനാല്‍ ഗതാഗത തടസമുണ്ടാകുന്നു. ബസുകള്‍, ലോറികള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് സിമന്റ് ലോറികള്‍ തടസം സൃഷ്ടിക്കുന്നു. ഈ ഭാഗത്ത് ടാര്‍ റോഡ് തകരാനും ഭാരം കൂടിയ ലോറികള്‍ കാരണമാകുന്നുണ്ട്. ലോഡുമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന പല സ്ഥലങ്ങളും തകര്‍ന്നിട്ടുണ്ട്. ഗോഡൗണിലേക്ക് തിരിയുന്ന ഭാഗത്ത് പ്രധാന റോഡ് പാടെ തകര്‍ന്നു. ഈ ഭാഗത്ത് റോഡ് റി ടാര്‍ ചെയ്തിരുന്നു. അതും നിലവില്‍ തകര്‍ന്നു. റോഡരുകില്‍ പല ഭാഗത്തും ഗര്‍ത്തമുള്ളതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് സിമന്റ് ലോറികളെ മറികടന്ന് പോകാന്‍ ബുദ്ധിമുട്ടാണ്. 
ലോറികളുടെ നിരന്തരമായ ഓട്ടംമൂലം ഈ ഭാഗത്ത് പൊടിശല്യവും രൂക്ഷമാണ്. 
മുമ്പൊരിക്കല്‍ സിമന്റ് ലോറി വഴിയില്‍ കുടുങ്ങി പനമരം- നടവയല്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായിരുന്നു. പൊതുഗതാഗത സംവിധാനത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ സിമന്റ് ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി എടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *