March 29, 2024

ജീവന്‍രക്ഷ ‍ആരോഗ്യ ‍പ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

0
Img 20210604 Wa0064.jpg
ജീവന്‍രക്ഷ ‍ആരോഗ്യ ‍പ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

വനത്തിനുളളില്‍ നിന്നും പാമ്പുകടിയേറ്റ ആദിവാസി ബാലനെ യഥാസമയം ചികില്‍സ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ അഭിനന്ദനം. വയനാട് ഡി.എം.ഒ ഡോ.ആര്‍ രേണുകയ്ക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഹുല്‍ ഗാന്ധി പ്രത്യേകമായി അഭിനന്ദിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ ആദിവാസി ബാലന്റെ ജീവന്‍ രക്ഷിക്കാനായത് ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഫാത്തിമ തസ്‌നീം അടക്കമുളള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമവും ആശുപത്രികള്‍ തമ്മിലുളള എകോപനവും പ്രശംസ അര്‍ഹിക്കുന്നു. പൊതുജനങ്ങളെ നിസ്വര്‍ത്ഥമായി സേവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ആരോഗ്യസംവിധാനങ്ങളുടെ ശക്തി. പൊതുജനങ്ങളോടും രോഗികളോടുമുളള ഈ കരുതല്‍ തുടര്‍ന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 
പുല്‍പ്പള്ളി മരക്കടവ് കോളനിയിലെ 13 കാരനാണ് ബുധനാഴ്ച ഉച്ചയോടെ വനത്തിനുളളില്‍ നിന്നും പാമ്പുകടിയേറ്റത്. ഏകദേശം നാല്‍പത്തിയഞ്ച് മിനിറ്റിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളാണെന്നു തിരിച്ചറിഞ്ഞ അനസ്‌തെറ്റിസ്റ്റ് ഡോ. ഫാത്തിമ തസ്‌നീം ഇന്‍ട്യുബേഷന്‍ (വായിലൂടെ ട്യൂബിട്ട് ഓക്‌സിജന്‍ നല്‍കല്‍) ആരംഭിച്ചു. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അതുല്‍, ഡോ. ലിജി വര്‍ഗീസ് എന്നിവരും ആരോഗ്യനില വിശകലനം ചെയ്ത് കൂടെയുണ്ടായിരുന്നു. ഈ സമയം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതായി കണ്ടെത്തോടെ ഉച്ചയ്ക്ക് 1.30 ഓടെ ഇന്‍ട്യുബേഷന്‍ തുടര്‍ന്നുകൊണ്ടുതന്നെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആന്റിവെനം നല്‍കി 6 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനെ തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഡോ. ദാമോദരന്‍, ഡോ. അന്ന, ഡോ. വാസിഫ്, ഡോ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.. ഡി.എം.ഒ. ഡോ. ആര്‍ രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി കുട്ടിയുടെ ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നാഡീവ്യൂഹത്തെ ബാധിച്ചതിനാല്‍ മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് നിഗമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *