March 29, 2024

വിജയപാത: മുളയുണ്ട് ! പണിതെടുക്കട്ടെ ഒരു താജ്മഹാൽ..

0
Img 20210624 Wa0021.jpg
വിജയപാത: 
മുളയുണ്ട് ! പണിതെടുക്കട്ടെ ഒരു താജ്മഹാൽ..
റിപ്പോർട്ട്: ആര്യ ഉണ്ണി
 നടവയൽ:മുളയിൽ തന്റെ സ്വപ്നങ്ങൾ കൊത്തിയെടുക്കുന്ന ഒരു കലാകാരനുണ്ട് വയനാട്ടിൽ. അതാണ് നടവയൽ താഴെ കാവടം കോളനിയിലെ ബാബു. കരകൗശല വസ്തുക്കൾ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് ഇന്ന് ഈ ആദിവാസി യുവാവ്. ഏതൊരു വസ്തുവും കേട്ടറിവ് കൊണ്ട് മാത്രം നിർമ്മിച്ച് തീർക്കാൻ കഴിയും. എന്നതാണ് ബാബുവിന്റെ പ്രത്യേകത.
ജീവിതത്തിൽ ഇന്നേവരെ നേരിൽ കണ്ടിട്ടില്ലാത്ത താജ്മഹൽ അതേപടി ആണ്‌ ബാബു മുളയിൽ ഒരുക്കിയത്. മാത്രമല്ല ഇഷ്ട ദൈവവും,ശബരിമല സന്നിധാനവും, ശിവലിംഗവും എല്ലാം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഈ യുവാവ് നിർമ്മിച്ച് തീർത്തത്.
ചെറുപ്പത്തിൽ തോന്നിയൊരു കൗതുകം മാത്രമായിരുന്നു കൊത്തുപണി.പിന്നീട് വലിയ രീതിയിൽ ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല എന്നാണ് ബാബു പറയുന്നത്. കോവിഡ് ആയതോടെ കൂലിപ്പണിക്കാരനായ ബാബുവിന് തന്റെ ജോലിയും വല്ലപ്പോഴും ആയി മാറി. അങ്ങനെ വർഷങ്ങൾക്കു ശേഷം കിട്ടിയ അവസരം വെറുതെ കളയാതെ ഉണങ്ങിയ മുളയിൽ കൊത്തി പഴയകാല ഓർമ്മകൾ ഒന്നുകൂടി പൊടിതട്ടിയെടുത്തു. 
ചെറുപ്പം മുതൽ കണ്ടത് എന്തും അതേ മാതൃകയിൽ നിർമിക്കാൻ ശ്രമിക്കുന്നത് പ്രധാന വിനോദമായിരുന്നു.മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾക്ക് പുറമെ മരം കൊണ്ടും വിവിധ കരകൗശാല വസ്തുക്കൾ ബാബു നിർമ്മിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് ഗിറ്റാറും,ത്രിശൂലവും, വീണയും, കളിപ്പാട്ടങ്ങളും,കെട്ടിടങ്ങളുമെല്ലാം.കരകൗശല നിർമ്മാണത്തിൽ യാതൊരു പരിശീലനവും ലഭിക്കാതെയാണ് യുവാവ് മനോഹരമായ വസ്തുക്കൾ ഒരുക്കുന്നത്.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ബാബുവിന് താൻ നിർമ്മിച്ച വസ്തുക്കൾ സൂക്ഷിക്കാൻ പോലുമുള്ള സ്ഥലം വീട്ടിൽ ഇല്ല. ചെറിയ വീട്ടിലാണ് കഴിയുന്നത് എങ്കിലും ഇല്ലായ്മകൾക്കുമീതെ പണിതു ഉയർത്തുകയാണ് മുളയിൽ ബഹുനിലക്കെട്ടിടങ്ങൾ.കഴിവിന് പിന്തുണ നൽകി കുടുംബാംഗങ്ങളും ഒപ്പം ചേർന്നതോടെ ബാബു നിർമ്മിക്കുന്ന വസ്തുക്കളുടെ എണ്ണവും കൂടി.കരകൗശല വസ്തുക്കളുടെ വിപണന സാധ്യത തെളിഞ്ഞാൽ മികച്ച വരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവും കുടുംബവും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *